സ്കൂൾ വിദ്യാർഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കാൻ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷൻ തുടങ്ങി. ജൂനിയർ (അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ) സീനിയർ (എട്ട്, ഒൻപത്, പത്ത്) വിഭാഗങ്ങളിലായി 2500-ഓളം വിദ്യാർഥികൾക്ക് ഈ വർഷം സ്കോളർഷിപ്പ് നൽകും.സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കുന്നവർക്ക് 10,000, 5000, 3000 രൂപയാണ് നൽകുക. ജില്ലാതല വിജയികൾക്ക് 1000, 500 രൂപ ക്രമത്തിൽ സ്കോളർഷിപ്പ് നൽകും. കുട്ടികളുടെ സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതുവിജ്ഞാനം തുടങ്ങിയവ അടിസ്ഥാനമാക്കി മൂന്നു തലത്തിലായാണ് പരീക്ഷ. പ്രാഥമിക ഘട്ടത്തിലെ വിജയികളെ പങ്കെടുപ്പിച്ച് ജില്ലാതല പരീക്ഷ നടക്കും. ഉയർന്ന മാർക്ക് നേടിയവരെ സംസ്ഥാനതലത്തിൽ മത്സരിപ്പിക്കും. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
രജിസ്റ്റർചെയ്യുന്ന എല്ലാ കുട്ടികൾക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരുവർഷത്തേക്ക് സൗജന്യമായി നൽകും. കൂടാതെ, കുട്ടികളുടെ പങ്കാളിത്തത്തിനനുസരിച്ച് സ്കൂൾ ലൈബ്രറികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾവരെ സമ്മാനമായി നൽകും. കുട്ടികൾക്ക് https://scholarship.ksicl.kerala.gov.inഎന്ന വെബ്സൈറ്റിലൂടെ ഡിസംബർ 31 വരെ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 8547971483.