ദില്ലി: ഇന്ത്യയ്ക്ക് രണ്ട് ബുള്ളറ്റ് ട്രെയിനുകൾ സമ്മാനമായി നൽകാൻ ജപ്പാൻ. E5, E3 സീരീസ് എന്നീ പ്രശസ്തമായ രണ്ട് ഷിങ്കാൻസെൻ ട്രെയിൻ സെറ്റുകൾ ഇന്ത്യയ്ക്ക് നൽകുമെന്ന് ജപ്പാൻ പ്രഖ്യാപിച്ചു. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയുടെ പരീക്ഷണത്തിനും പരിശോധനയ്ക്കും സഹായിക്കുന്നതിനാണ് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയ്ക്ക് നൽകുന്നത്. ദി ജപ്പാൻ ടൈംസിലാണ് ഈ വാർത്ത ആദ്യം വന്നത്.
2026ന്റെ തുടക്കത്തിൽ ജപ്പാനിൽ നിന്നുള്ള ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030കളുടെ തുടക്കത്തിൽ യാഥാർത്ഥ്യമാകാൻ പോകുന്ന അത്യാധുനികമായ ഷിങ്കാൻസെൻ മോഡലാണ് E10 സീരീസ്. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റൂട്ടിനായി ഈ ട്രെയിൻ പരിഗണനയിലുണ്ട്. E10 സീരീസ് ട്രെയിൻ ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി E5, E3 സീരീസ് ഷിങ്കാൻസെൻ ട്രെയിനുകൾ ഉപയോഗിച്ച് അതിവേഗ ഇടനാഴിയുടെ പരീക്ഷണം നടത്തുകയും അതുവഴി പോരായ്മകൾ പരിഹരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.