തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ശക്തമായ മഴയെത്തുന്നത്.
അതേസമയം ജൂലൈ മാസത്തില്‍ മഴ പൊതുവെ സാധാരണയില്‍ കുറവായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. എന്നാല്‍ ചില മേഖലയില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്.
തീരദേശ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. തെക്കൻ രാജസ്ഥാനും വടക്കൻ ഗുജറാത്തിനും മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. നാളെ (ജൂലൈ 02) മുതല്‍ വെള്ളിയാഴ്ച (04) വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെ രണ്ട് ജില്ലകളിലും മറ്റന്നാള്‍ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.