തിരുവനന്തപുരം: 2025-ലെ നംബിയോ സുരക്ഷാ സൂചിക പ്രകാരം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഏഴാം സ്ഥാനം നേടി തിരുവനന്തപുരം. ആഗോളതലത്തിൽ, സുരക്ഷാ സൂചിക 61.1-ഉം കുറ്റകൃത്യ സൂചിക 38.9-ഉം നേടി 149-ാം സ്ഥാനത്താണ് നഗരമുള്ളത്. ആളുകൾക്ക് ഒരു രാജ്യത്ത് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നുവെന്നും കുറ്റകൃത്യങ്ങളുടെ തോത് എത്രത്തോളമാണെന്നും അടയാളപ്പെടുത്തുന്നതാണ് നംബിയോ സുരക്ഷാ സൂചിക.
ദൈനംദിന ജീവിതത്തിലെ സുരക്ഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണകളെയും പകൽ സമയത്തെയും രാത്രിയിലെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ റാങ്ക് ചെയ്യുന്നത്. കവർച്ച, ശാരീരിക ആക്രമണങ്ങൾ, പൊതു സ്ഥലങ്ങളിലെ പീഡനം എന്നീ സുരക്ഷാ ആശങ്കകൾ സൂചിക വിലയിരുത്തുന്നു. നിറം, വംശം, ലിംഗഭേദം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം, കൊലപാതകം പോലുള്ള അക്രമ കുറ്റകൃത്യങ്ങൾ എന്നിവയും സൂചിക കണക്കിലെടുക്കുന്നു.
ചെന്നൈ, പൂനെ പോലുള്ള വലിയ മെട്രോ നഗരങ്ങളെക്കാൾ മുന്നിലുള്ള തിരുവനന്തപുരത്തിന്റെ സ്ഥാനം നഗരത്തിന്റെ സുരക്ഷയെയാണ് എടുത്തുകാണിക്കുന്നത്. 74.2 സുരക്ഷാ സൂചികയുമായി കർണാടകയിലെ മംഗളൂരുവാണ് ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ മുന്നിൽ. വഡോദര, അഹമ്മദാബാദ്, സൂറത്ത്, ജയ്പൂർ, നവി മുംബൈ എന്നിവയാണ് മുൻനിരയിലുള്ള മറ്റ് നഗരങ്ങൾ.