ഓണകാലമാണ് വരുന്നത്. ഓണത്തിന് സദ്യ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്ര തന്നെ മലയാളിക്ക് സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് പപ്പടം. നല്ല പരിപ്പ് കറിയില്‍ പപ്പടം പൊടിച്ച് കഴിക്കുന്നത് ഓര്‍ത്താൽ തന്നെ വായില്‍ കപ്പലോടും. അങ്ങനെ ഒന്നല്ല രണ്ടും മൂന്നും വരെ ചിലര്‍ പപ്പടം സദ്യയ്ക്കൊപ്പവും അല്ലാതെയും കഴിക്കും. എന്നാല്‍ ഇങ്ങനെ രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ പപ്പടത്തിന് പിന്നിലെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി അറിഞ്ഞിരുന്നോളൂ.
പപ്പടത്തിന് പിന്നിലെ ആരോഗ്യ പ്രശ്‌നങ്ങള്‍
പണ്ട് വീടുകളില്‍ തന്നെ അരിപൊടിച്ച് ഉണ്ടാക്കുന്ന പപ്പടം പോലെയല്ല ഇന്നത്തെ വിപണിയിലെ പപ്പടം. വിവിധ തരം മായം ഇവയിൽ ഒളിഞ്ഞിരുപ്പുണ്ട്. ഒരു പപ്പടത്തില്‍ ഏതാണ്ട് 35 മുതല്‍ 40 വരെ കാലറിയും 3.3 ഗ്രാം പ്രോട്ടീനും 0.42 ഗ്രാം കൊഴുപ്പുമാണുണ്ടാവുക. ഇതിന് പുറമെ 228 മി.ഗ്രാം സോഡിയവും പപ്പടത്തിൽ ഉൾപ്പെടുന്നു.
ഫാക്ടറിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പപ്പടങ്ങളില്‍ സോഡിയത്തിന്റെ ഉള്ളടക്കം കൂടുതലാണെന്നാണ് കണ്ടെത്തല്‍. സോഡിയം അടിസ്ഥാനമാക്കിയുള്ള പ്രിസര്‍വേറ്റീവുകളായ സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈകാര്‍ബണേറ്റ് എന്നിവയാണ് പപ്പടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ അമിതമായ ഉപയോഗം ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും വൃക്കരോഗങ്ങള്‍ക്കും ഹൃദയസംബന്ധിതമായ രോഗങ്ങള്‍ക്കും കാരണമായേക്കാം. ഇവ രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളും ഹൃദയ സംബന്ധിതമായ അസുഖങ്ങളും ഉള്ള വ്യക്തികള്‍ക്ക്, ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.