പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള കാര്യമാണെന്നത് തന്നെ. വലിയ തുകകൾ കൈകാര്യം ചെയ്യുന്നതിനുള്ള കർശനമായ നിർദേശങ്ങൾ ആദായ നികുതി വകുപ്പും വീണ്ടും വീണ്ടും വ്യക്തമാക്കുന്നുണ്ട്. ഇത്തരം ഇടപാടുകൾ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടാൽ എത്ര തുകയാണോ ഇത്തരത്തിൽ വാങ്ങുന്നത് അത്രയും തുക തന്നെ പിഴയായി ഒടുക്കേണ്ടിയും വരും.
ഏറ്റവും ഒടുവിൽ വന്ന ഒരു സംഭവത്തെ കുറിച്ച് ടാക്‌സ് അഡൈ്വസറി പ്ലാറ്റ്‌ഫോമായ ടാക്‌സ് ബഡ്ഡി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ എന്നൊരാൾ അത്യാവശ ഘട്ടത്തിൽ 1.2ലക്ഷം രൂപ സുഹൃത്തിന്റെ കയ്യിൽ നിനിന്നും വാങ്ങി. ഇൻകം ടാക്‌സ് ആക്ടിന്റെ സെക്ഷൻ 269SS പ്രകാരം ഇത്രയും തുക വാങ്ങുന്നതിന് തടസമുണ്ട്. ഇതോടെ സെക്ഷൻ 271DA വാങ്ങിയ തുകയുടെ നൂറു ശതമാനവും പിഴയായി നൽകേണ്ടി വന്നു.സെക്ഷൻ 269ST പറയുന്നത് ഒരു വ്യക്തിയിൽ നിന്ന് രണ്ട് ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി സ്വീകരിച്ചാൽ, അല്ലെങ്കിൽ ഒരു ട്രാൻസാക്ഷനിലൂടെ ഇത്തരം തുക സ്വീകരിച്ചാൽ, ലഭിച്ച തുകയ്ക്ക് തുല്യമായ പിഴ ഈടാക്കും. സെക്ഷൻ 269T പറയുന്നത് ഇരുപതിനായിരം രൂപയോ അതിൽ കൂടുതലോ പണമായി വായ്പയോ നിക്ഷേപമോ തിരിച്ചടയ്ക്കുന്നതിനും പിഴയീടാക്കും.
ഒരു വർഷം ഒരു കോടി രൂപയിലധികം പണം പിൻവലിച്ചാൽ ബാങ്ക് രണ്ട് ശതമാനം ടിഡിഎസ് ഡിഡക്ട് ചെയ്യും. പോയ മൂന്നുവർഷത്തിനുള്ളിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ, അത്തരക്കാർക്ക് പ്രതിവർഷം ഇരുപത് ലക്ഷം രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോൾ ടിഡിഎസ് നിരക്ക് അഞ്ച് ശതമാനമായിരിക്കും. പിഴകൾ ഒഴിവാക്കാനും ശരിയായി രേഖകൾ സൂക്ഷിക്കാനും വലിയ പണമിടപാടുകൾക്ക് ബാങ്ക് ട്രാൻസ്ഫർ, യുപിഐ, ചെക്ക് എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമമെന്ന് നികുതി വിദഗ്ദർ ശുപാർശ ചെയ്യുന്നു.