തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 25 ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം പത്തുലക്ഷം രൂപയ്ക്ക് മുകളിലെ ബില്ലുകള്‍ക്ക് ബാധകമാക്കി. ഇനിമുതല്‍ പത്തുലക്ഷം രൂപയ്ക്ക് മുകളിലുളള ബില്ലുകള്‍ മാറണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം. നിയന്ത്രണം കടുപ്പിച്ചതു സംബന്ധിച്ച നിര്‍ദേശം എല്ലാ ട്രഷറി ശാഖകള്‍ക്കും കൈമാറി.
ഇടപാടുകാര്‍ക്ക് നിക്ഷേപം പിന്‍വലിക്കുന്നതിനും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും നിയന്ത്രണമില്ല. അതേസമയം, ഓണക്കാലത്തെ ചിലവുകള്‍ക്കായി ഇരുപതിനായിരം കോടി രൂപ വേണ്ടിവരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനുളള ഫയല്‍ മന്ത്രിയുടെ പരിഗണനയിലുണ്ട് എന്നാല്‍ ഓണത്തിനു മുന്‍പ് വേണോ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.