വയനാട് ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയോജിത കർമ്മ പദ്ധതി തയ്യാറാക്കുന്നു. പട്ടിക വർഗ മേഖലക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തുന്നത്. പട്ടിക വർഗ്ഗ മേഖലയിൽ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന ആരോഗ്യ -പോഷണ പദ്ധതികളെ സയോജിത പ്രവർത്തനങ്ങളിലൂടെ കൂടുതൽ കാര്യക്ഷമമാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.
ജില്ലയിൽ നിലവിൽ 147 കുട്ടികൾക്ക് ഉയർന്ന പോഷണക്കുറവും (സിവിയര്‍ അക്യൂട്ട് മാൽന്യുട്രീഷൻ-സാം) 1519 കുട്ടികളിൽ മിതമായ പോഷണക്കുറവും (മോഡറേറ്റ് അക്യൂട്ട് മാൽന്യുട്രീഷൻ- മാം) കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ന്യൂട്രീഷൻ റിഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ വഴി പോഷണ പുനരധിവാസ ചികിത്സ നൽകി വരുന്നുണ്ട്. കൽപ്പറ്റ ഗ്രീൻഗേറ്റ്സ് ഹോട്ടലിൽ സംഘടിപ്പിച്ച ജില്ലാതല കർമ്മ പദ്ധതി രൂപീകരണ ശിൽപശാല അസിസ്റ്റന്റ് കലക്ടർ പി.പി അർച്ചന ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി മുഖ്യപ്രഭാഷണം നടത്തി.
കുട്ടികളിലെ പോഷണക്കുറവ്, പട്ടിക വർഗ മേഖലയിലെ ആരോഗ്യ നിലവാരം, ആരോഗ്യത്തെ സ്വാധീനിക്കുന്ന ശീലങ്ങൾ, അരിവാൾ കോശ രോഗം, ക്ഷയ രോഗം, പകർച്ച വ്യാധികൾ, ജീവിതശൈലീ രോഗങ്ങൾ എന്നീ വിഷയ മേഖലകൾ ശിൽപശാലയിൽ ചർച്ച ചെയ്തു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ പി ദിനീഷ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ ജെറിൻ എസ് ജെറോഡ്, ജില്ലാ ടി.ബി ഓഫീസർ ഡോ പ്രിയ സേനൻ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ പി.എസ് സുഷമ, എൻ.പി.എൻ.സി.ഡി ജില്ലാ നോഡൽ ഓഫീസർ ഡോ കെ.ആർ ദീപ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എ ഇന്ദു, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ.എം മുസ്തഫ, പ്ലാനിങ്ങ്, പട്ടിക വർഗ വികസനം, വനിതാ ശിശു വികസനം, ഐ.സി.ഡി.എസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, കുടുംബശ്രീ മിഷൻ വകുപ്പ് മേധാവികളും പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുത്തു.