ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് സമഗ്ര പുരോഗതി ലക്ഷ്യമിടാന്‍ ടാലന്റ് നര്‍ച്ചര്‍ (ട്രാന്‍സ്ഫോമിങ് പൊട്ടെന്‍ഷ്യല്‍ ഇന്‍ടു എക്‌സലന്‍സ്) പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ വിഷയങ്ങളില്‍ ആത്മവിശ്വാസത്തോടെ പഠനം നടത്താന്‍ പിന്തുണ, കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ അവസരം ഒരുക്കല്‍, ജീവിത നൈപുണികളില്‍ പരിശീലനം ഉറപ്പാക്കല്‍ ലക്ഷ്യമാക്കി ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് ടാലന്റ് നര്‍ച്ചര്‍ പദ്ധതിയിലൂടെ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി വിഭാഗം പട്ടികവര്‍ഗ്ഗ വകുപ്പിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ചുമതല ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്‍ നിര്‍വ്വഹിക്കും.
പദ്ധതിയുടെ ഭാഗമായി ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കും ടാലന്റ് നര്‍ച്ചര്‍ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമായി പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ശില്‍പശാല ഹയര്‍സെക്കന്‍ഡറി വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ ഷിവി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെ പ്രാദേശിക യോഗങ്ങള്‍, കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍, ടാലന്റ് പ്രദര്‍ശനം, വിവിധ വിഷയങ്ങളിലുള്ള ബ്രിഡ്ജ് കോഴ്‌സ് എന്നിവ സംഘടിപ്പിക്കും. ബ്രിഡ്ജ് കോഴ്‌സിന്റെ ഭാഗമായി വിദഗ്ദ റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ എല്ലാ വിഷയങ്ങളിലും പ്രത്യേക മൊഡ്യൂളുകള്‍ തയ്യാറാക്കിയാണ് പദ്ധതി ന്രടപ്പാക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രതിഭകളെയും ഉന്നത വിദ്യാഭ്യാസം നേടിയവരെയും പദ്ധതിയുടെ ഭാഗമായി കണ്ടെത്തും. ഇവരുടെ ജീവിത വിജയ കഥകള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികളുമായി പങ്കുവയ്ക്കും. നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പിന്തുണയും പദ്ധതി നടത്തിപ്പിനുണ്ടാവും
വിദ്യാകിരണം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് അധ്യക്ഷനായ പരിപാടിയില്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ബി സിമില്‍, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എം. മജീദ്, മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. സി തോമസ്, വി.എച്ച്.എസ്.ഇ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ എന്‍.പി മാര്‍ട്ടിന്‍, ബിനുമോള്‍ ജോസ്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ. രാജേഷ്, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ കണ്‍വീനര്‍ ജിനീഷ് മാത്യൂ, ജില്ലാ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.