സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ അഭാവം പ്രകടമാണ്.
എതു പ്രതിസന്ധിയേയും ചെറു പുഞ്ചിരിയോടെ നേരിട്ട രാഷ്ട്രീയ തന്ത്രം, പ്രത്യയശാസ്ത്ര ബോധവും ആത്മവിശ്വാസവും സമ്മാനിച്ച അസാധാരണ ധൈര്യം, സീതാറാം യെച്ചൂരി എന്ന നേതാവ് പകർന്ന നേതൃത്വം സിപിഎമ്മിന് ദേശീയതലത്തിൽ വലിയ മേൽവിലാസമായിരുന്നു. ശ്വാസകോശ അണുബാധ യെച്ചൂരിയെ വീഴ്ത്തിയിട്ട് ഒരു കൊല്ലം ആകുമ്പോഴും ദേശീയതലത്തിൽ പാർട്ടിക്ക് ആ ആഘാതത്തിൽ നിന്ന് കരകയറാനായിട്ടില്ല. ഉപരാഷ്ട്രപതിക്കായുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ അടുത്തിടെ നടന്ന ചർച്ചകളിൽ പരസ്പരം തെറ്റി നിന്ന പല പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരാൻ കോൺഗ്രസ് നേതാക്കൾ യെച്ചൂരിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടായിരുന്നു.
വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായ യെച്ചൂരി മധുര കോൺഗ്രസിൻ്റെ ഒരുക്കങ്ങൾ നടക്കാനിരിക്കെയാണ് വിടവാങ്ങിയത്. പിന്നീട് പാർട്ടി കോൺഗ്രസ് വരെ പിബി കോഡിനേറ്റർ എന്ന നിലയ്ക്ക് പ്രകാശ് കാരാട്ടിനു കീഴിൽ സിപിഎം പ്രവർത്തിച്ചു. മധുര പാർട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എം.എ. ബേബി യെച്ചൂരിയുടെ ആ വിടവ് നികത്താൻ സിപിഎമ്മിൽ ഒരു പുതിയ നേതൃ നിരയെ പരിശീലിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്