വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ജില്ല നേടിയത് വലിയ വികസന മുന്നേറ്റമെന്ന് പട്ടിക ജാതി പട്ടിക വർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. പേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പേരിയ സിഎച്ച്സിയിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ വനിത വാർഡ് ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു.
വയനാട് മെഡിക്കൽ കോളജ് എംബിബിഎസ് ക്ലാസുകൾ അടുത്ത മാസം ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഘടക സ്ഥാപനങ്ങളായ പിഎച്ച്സികളും സിഎച്ച്സികളും ഉയർന്ന നിലവാരമാണ് പുലർത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഘടക സ്‌ഥാപനമായ പേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 29 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട നിർമാണം പൂർത്തികരിച്ചത്. സെൻട്രൽ വേർഹൗസിങ്ങ് കോർപ്പറേഷന്റെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ വിനിയോഗിച്ച് വനിത വാർഡും പണി പൂർത്തീകരിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി വിജോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഡിഎംഒ ഡോ. ടി മോഹൻദാസ്, എച്ച്എംസി അംഗങ്ങൾ, പെരിയ സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. വി ആർ ശ്രീജ എന്നിവർ പങ്കെടുത്തു.