കാലവര്‍ഷം ശക്തമാകാനിരിക്കെ ജില്ലയില്‍ പൊതുനിരത്തുകളിലും സ്വകാര്യ ഭൂമികളിലുമുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാന്‍ ജില്ലാ ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്കി. തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റ്, ചെയര്‍പേഴ്സണായും സെക്രട്ടറി കണ്‍വീനറായും വില്ലേജ് ഓഫീസര്‍, വനം വകുപ്പ് റേഞ്ച് ഓഫീസര്‍ അംഗങ്ങളുമായ കമ്മിറ്റി ഇതിനായി രൂപീകരിക്കണം.
പൊതുസ്ഥലങ്ങളില്‍ അപകട ഭീഷണിയുയര്‍ത്തി നില്ക്കുന്ന മരങ്ങള്‍, ശിഖിരങ്ങള്‍ മുറിച്ച് നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിക്ഷിപ്തമായിരിക്കുന്ന വകുപ്പിന് നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശം ലഭിച്ചിട്ടും മുറിച്ച് മാറ്റാത്ത മരം മൂലം പിന്നീടുണ്ടാകുന്ന അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കും.
പൊതു നിരത്തുകളുടെ അരികില്‍ അപകട ഭീഷണിയിലുള്ള മരങ്ങള്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മുറിച്ചുമാറ്റണം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വ്യക്ഷങ്ങള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയും ഇല്ലെങ്കില്‍ തദ്ദേശ സ്വയം ഭരണ സെക്രട്ടറി സ്വകാര്യ വ്യക്തിയുടെ പക്കല്‍ നിന്നും ചെലവ് ഈടാക്കി തുക തനത് ഫണ്ടിലേക്ക് വകയിരുത്തുകയും ചെയ്യണം. വനം വകുപ്പില്‍ നിന്നും വിലനിര്‍ണയം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്ന പക്ഷം അപകട ഭീഷണി കണക്കിലെടുത്ത് മരങ്ങള്‍, ചില്ലകള്‍ മുറിച്ച് വില നിര്‍ണ്ണയിക്കുന്നതിനായി സൂക്ഷിക്കേണ്ടതും വില ലഭിക്കുന്നതിനനുസരിച്ച് ലേല നടപടികള്‍ സ്വീകരിച്ച് സര്‍ക്കാരിലേക്ക് തുക വകയിരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്കി.