സംസ്ഥാന സര്‍ക്കാരിന്റെ ഉരുള്‍പൊട്ടല്‍ പ്രദേശ പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി പൊഴുതന ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഉരുള്‍പൊട്ടല്‍ നിവാരണ പ്രവര്‍ത്തികളുടെ പ്രവര്‍ത്തനോദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ആഘാതമേറ്റ പൊഴുതന ഗ്രാമപഞ്ചായത്ത് അമ്മാറയില്‍ നടപ്പിലാക്കുന്ന അമ്മാറ സൂക്ഷ്മ നീര്‍ത്തട ഉരുള്‍പൊട്ടല്‍ നിവാരണ പ്രവൃത്തികളുടെ പദ്ധതി നിര്‍വ്വഹണ കമ്മിറ്റി രൂപീകരണവും പ്രവര്‍ത്തനോദ്ഘാടനവുമാണ് നിര്‍വ്വഹിച്ചത്. 2018ലെ പ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ച അമ്മാറയിലെ 60 ഹെക്ടര്‍ സ്ഥലത്ത് 80 ലക്ഷം വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
അമ്മാറ നീര്‍ത്തട പ്രദേശത്ത് നടന്ന ചടങ്ങില്‍ പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. സെയ്ദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വി. അംബിക, പി.സി. അനില കുമാരി, മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസര്‍ പി.ബി. ഭാനുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.