പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടനത്തിന‌് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തര്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം ഈ സമയം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്ക് വീണ്ടും പരിശോധനയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന് വിദഗ്ധ സമിതി നല്‍കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.
പമ്പ വഴി മാത്രമേ പ്രവേശനം അനുവദിക്കൂ. വനപാതയിലൂടെയുള്ള സഞ്ചാരം അനുവദിക്കില്ല. ഓണ്‍ലൈന്‍ ദര്‍ശനത്തില്‍ തീരുമാനം തന്ത്രിയുടെ നിലപാട് അറിഞ്ഞശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രവൃത്തി ദിനങ്ങളില്‍ ആയിരം പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കാവൂ എന്നാണ് വിദഗ്ധ സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് ദര്‍ശനം ആകാം. മണ്ഡലപൂജയ്ക്കും മകരവിളക്കിനും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 5000വരെ ആകാമെന്നാണ് നിര്‍ദേശം.
സന്നിദാനത്തും ഗണപതി അമ്പലത്തിലും താമസം അനുവദിക്കില്ല. പമ്പയിൽ കുളിക്കാന്‍ അനുവാദമുണ്ടാകില്ല. പ്രവേശനം 10 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രം അനുവദിക്കണമെന്നാണ് നിര്‍ദേശമെന്നും 60നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മറ്റ് അസുഖങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും നിര്‍ദേശത്തിലുണ്ട്.