മാനന്തവാടി: എസ്.എസ്.എൽ.സി. വിജയശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗോത്ര ജ്വാല, വിജയ ജ്വാല എന്നീ പദ്ധതികളുടെ രണ്ടാം ഘട്ടം ആരംഭിച്ചു.
രണ്ട് മാസം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
എസ്.എസ്.എൽ.സി പരീക്ഷക്ക് മുന്നൊരുക്കമായി വിവിധ കർമ്മ പരിപാടികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സ്കൂളുകളിലൊന്നാണ് വെള്ളമുണ്ട. 259 വിദ്യാർത്ഥികളാണ് ഇവിടെ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ഗോത്ര ജ്വാല, വിജയ ജ്വാല പദ്ധതികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വെവ്വേറെ മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഷീൻ ഇൻ്റർനാഷണൽ ട്രെയിനറും എജുക്കേഷൻ കൺസൾട്ടൻ്റുമായ ഇ.കെ.മുഹമ്മദ് റാഫി വിദ്യാർത്ഥികൾക്കും മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ് രക്ഷിതാക്കൾക്കും ക്ലാസ്സുകൾ എടുത്തു. വൈസ് പ്രിൻസിപ്പാൾ ഷീജ നാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സി. നാസർ, വി.കെ. പ്രസാദ്, പി.എം. മമ്മൂട്ടി തുടങ്ങിയവർ സംസാരിച്ചു.