മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മഡ്ഡ് ഫെസ്റ്റ് സീസൺ 2 ന്റെ കാക്കവയൽ വേദിയിലെ പരിപാടികൾ ആരംഭിച്ചു. വൈത്തിരി താലൂക്ക് തല ഫുട്ബോൾ മത്സരത്തിൽ ബുദ്ധ ഫുട്ബോൾ ക്ലബ്- മൂതിമൂല ഒന്നാം സ്ഥാനവും മഡ്‌ഡി ബൂട്ട്സ് വെക്കേഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരം മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് യഥാക്രമം 5000, 3000 രൂപ ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു.
പതിനാലാം തിയതി വരെയാണ് കാക്കവയൽ വേദിയിലെ പരിപാടികൾ നടക്കുന്നത്. ഡിടിപിസി സെക്രട്ടറി അജേഷ് കെജി, ഡിടിപിസി മാനേജർമാരായ പ്രവീൺ പി.പി, രതീഷ് ബാബു, വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രസിഡന്റ് പ്രവീൺ രാജ്, മഡ്ഡ് ഫുട്ബോൾ കോഡിനേറ്റർ ലുക്ക ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
നാളെ (ജൂലൈ 12) വിവിധ സർക്കാർ വകുപ്പുകൾ, ടൂറിസം മേഖലയിലെ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർക്കുള്ള മഡ്ഡ് ഫുട്ബോൾ മത്സരം നടക്കും. 13, 14 തിയതികളിലായി ജില്ലാതല മഡ്ഡ് ഫുട്ബോൾ, മഡ്ഡ് കബടി, മഡ്ഡ് വടം വലി, മഡ്ഡ് പഞ്ച ഗുസ്തി എന്നീ മത്സരങ്ങളും കാക്കവയൽ വേദിയിൽ നടക്കും. മഡ്ഡ് ഫെസ്റ്റ് സീസൺ 2 ജൂലൈ 14 ന് വൈകീട്ട് അവസാനിക്കും.