കൽപ്പറ്റ:വയനാട് ജില്ലയില്‍ എല്‍ ഡി എഫും യു ഡി എഫും ആഹ്വാനം ചെയ്ത ഹർത്താല്‍ തുടങ്ങി. ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരോട് കേന്ദ്ര സക്കാർ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇരുമുന്നുണികളും ഹർത്താല്‍ പ്രഖ്യാപിച്ചത്.
ലക്കിടിയില്‍ യു ഡി എഫ് പ്രവർത്തകർ ഹർത്താല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വാഹനങ്ങള്‍ തടഞ്ഞ് തുടങ്ങിയിട്ടുണ്ട്.
നാനൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനോടുള്ള പ്രതിഷേധക സൂചകമായി ഇരു മുന്നണികളും ഹർത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര സർക്കാറിനൊപ്പം സംസ്ഥാന സർക്കാറിനെതിരേയും യു ഡി എഫ് രൂക്ഷമായ വിമർശനം ഉന്നയിക്കുന്നു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹർത്താല്‍. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു. രാവിലെ പത്ത് മണിയോടെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ മാർച്ച് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എല്‍ ഡി എഫും പ്രകടനവുമുണ്ടാകും. പോലീസ് സംരക്ഷണത്തില്‍ ദീർഘദൂര ബസ്സുകള്‍ സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്.