വയനാട് ജില്ലയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രത്യേകിച്ച് ഗോത്ര വിഭാഗക്കാര്‍ക്കും അര്‍ഹമായ എല്ലാ ഭക്ഷ്യവസ്തുക്കളും റേഷന്‍ കടകളിലൂടെയും അംഗന്‍വാടികളിലൂടെയും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ സിവില്‍ സപ്ലൈസ്, പട്ടിക വര്‍ഗ്ഗ, മാതൃ ശിശു സംരക്ഷണ വകുപ്പുകള്‍ക്ക് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ജിനു സക്കറിയ ഉമ്മന്‍ നിര്‍ദേശം നല്‍കി. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ നടത്തിപ്പ് വിലയിരുത്തുന്നതിനായാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം വയനാട് ജില്ലയില്‍ വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിലെ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്.
വട്ടക്കുണ്ട്, ആനപ്പാറ – നായ്ക്കക്കൊല്ലി ഗോത്രവര്‍ഗ്ഗ മേഖലയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ പൊതു ജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഗോത്രവിഭാഗ ജനങ്ങള്‍ക്ക് ദൂരെയുള്ള റേഷന്‍ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ആനപ്പാറ – നായ്ക്ക കൊല്ലി ഉന്നതിയില്‍ 3 വയസ്സായ കുട്ടിക്ക് അംഗന്‍വാടിയില്‍ നിന്ന് പോഷകാഹാരം ലഭിക്കുന്നില്ലെന്ന പരാതിയില്‍ കുട്ടിക്ക് ഇന്ന് മുതല്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ഐ.സി.ഡി.എസ് സൂപ്പര്‍ വൈസറേയും ട്രൈബല്‍ പ്രൊമോട്ടറേയും ചുമതലപ്പെടുത്തി. ഗോതമ്പ് ലഭിക്കുന്നില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.
അംഗന്‍വാടികളില്‍ കാലാവധി തീരാറായ ഭക്ഷ്യവസ്തുക്കളെത്തുന്നത് പരിശോധിക്കും
അംഗന്‍വാടികളില്‍ കാലാവധി തീരാറായ ഭക്ഷ്യവസ്തുക്കള്‍ വില രേഖപ്പെടുത്തി എത്തുന്നു എന്ന പരാതി പരിശോധിക്കും. ഇതുമൂലം വലിയ ഒരളവില്‍ ഭക്ഷ്യ വസ്തുക്കള്‍ പാഴാകുന്നുണ്ട്.