പൊഴുതന:
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത്തല വിദ്യാഭ്യാസ മോണിറ്ററിങ് യോഗം നടത്തി. സമഗ്ര ഗുണമേന്മ പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി സേട്ടുക്കുന്ന് സ്കൂളിനും സ്ഥലപരിമിതിയുള്ള അച്ചുരാനം എൽപി സ്കൂളിന് കെട്ടിട നിർമ്മാണത്തിനും ഫണ്ട് ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അറിയിച്ചു.
വിദ്യാർത്ഥികളിലെ പൊതുവിജ്ഞാനം വളർത്തുന്നതിനായി പഞ്ചായത്തിന് കീഴിലുള്ള എട്ട് സർക്കാർ സ്കൂളിലും വിദ്യാർത്ഥി- രക്ഷകർതൃ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പൊതുവിജ്ഞാനം വളർത്തുകയാണ് ലക്ഷ്യം. കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വളര്‍ത്തുന്നതിനായി സ്കൂൾ അങ്കണങ്ങളിൽ വിദ്യാർത്ഥികൾക്ക് കൃഷിത്തോട്ടം നിർബന്ധമാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയര്‍ന്നു.
എൽപി സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികളും അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡ്രോപ്പൗട്ട്-ഫ്രീ സ്കൂളുകളായി എല്ലാ സ്കൂളുകളും മാറണമെന്നും യോഗം ആവശ്യപ്പെട്ടു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അധ്യക്ഷയായ യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപകർ, എസ്ആർജി കൺവീനർമാർ, ബിആർസി കോർഡിനേറ്റർമാർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.