പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പണവും അക്കൗണ്ട് വിവരങ്ങളും ഒടിപിയും കൈമാറി സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ആളുകള്‍ ഇരയാകുന്ന അനവധി സംഭവങ്ങള്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. അതിനാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നടക്കുന്ന തട്ടിപ്പുകള്‍ കുറയ്ക്കാന്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.
പരിചയമില്ലാത്ത കോണ്‍ടാക്റ്റുകള്‍ സൃഷ്‌ടിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യപ്പെട്ടാല്‍, ആ ഗ്രൂപ്പിലെ മെസേജുകള്‍ ഓപ്പണ്‍ ചെയ്യും മുമ്പ് ഇനി മുതല്‍ ഒരു ലഘു വിവരണം (സമ്മറി) ദൃശ്യമാകും. വാട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ പേര്, ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്‌തത്, എപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ആരാണ് ഗ്രൂപ്പിലേക്ക് നിങ്ങളെ ക്ഷണിച്ചത്, ഗ്രൂപ്പിലെ അംഗങ്ങള്‍ ആരൊക്കെ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഈ ലഘു വിവരണത്തിലുണ്ടാവുക. ഈ സമ്മറി വായിച്ചറിഞ്ഞ ശേഷം മാത്രം മതി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രവേശിക്കാനും മെസേജ് നോക്കാനും അതിനോട് പ്രതികരിക്കാനും. അതായത്, വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള ലഘു വിവരണം വായിച്ച് ഗ്രൂപ്പിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ മനസിലാക്കിയ ശേഷം അതില്‍ തുടരണോ വേണ്ടയോ എന്ന കാര്യം തീരുമാനിച്ചാല്‍ മതി. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സംശയമുള്ളവര്‍ക്കും തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും എക്‌സിറ്റ് അടിക്കാനാകും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തുടരാന്‍ തീരുമാനിക്കുന്നതുവരെ ഗ്രൂപ്പില്‍ നിന്ന് യാതൊരു നോട്ടിഫിക്കേഷനും പുതുതായി ചേര്‍ക്കപ്പെട്ടയാള്‍ക്ക് ലഭിക്കില്ല എന്ന പ്രത്യേകതയുമുണ്ട്.