ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും കാരണമാകുമെന്ന് നമുക്കറിയാം. അപ്പോള്‍ എങ്ങനെയാണ്, എപ്പോഴൊക്കെയാണ് മധുരം കഴിക്കേണ്ടത്?
ഒരിക്കലും കാലി വയറില്‍ മധുരം കഴിക്കരുത്. വേഗത്തില്‍ രക്തത്തിലെ പഞ്ചസാര ഉയരാന്‍ ഇത് കാരണമാകും എന്നുമാത്രമല്ല, അത് എനര്‍ജി ക്രാഷിനും വഴിവയ്ക്കും.
ഉച്ചയൂണിന് ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കുന്ന ശീലമുണ്ടോ..എന്നാല്‍ ആ ശീലം അത്ര തരക്കേടില്ല. കാരണം ബാലന്‍സ്ഡ് ആയ ഒരുമീലിന് ശേഷം മധുരം കഴിക്കുന്നതാണ് വെറുംവയറ്റില്‍ മധുരം കഴിക്കുന്നതിനേക്കാള്‍ നല്ലത്. ആരോഗ്യകരമായ ഒരു ഡയറ്റില്‍ ഫൈബര്‍, പ്രൊട്ടീന്‍, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പഞ്ചസാര ഉയരുന്നത് തടയും. ഈ സമയത്ത് ഉപാപചയപ്രവര്‍ത്തനം സജീവമായതിനാല്‍ മധുരം കഴിക്കുന്നതിനുള്ള മികച്ച സമയം ഇതാണ്. ശരീരത്തിലെത്തുന്ന മധുരം ഫലപ്രദമായി പ്രൊസസ് ചെയ്യാന്‍ സാധിക്കും.
വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് മുന്‍പ് മധുരം കഴിക്കുന്നത് നിങ്ങള്‍ക്ക് ഇന്‍സ്റ്റന്റ് എനര്‍ജി നല്‍കും. ഇത് നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകള്‍ വീണ്ടെടുക്കുന്നതിനും പ്രൊട്ടീനുമായി പ്രതിപ്രവര്‍ത്തിക്കുകയാണെങ്കില്‍ മസില്‍ വീണ്ടെടുക്കുന്നതിനും സഹായിക്കും.
ഉറങ്ങാന്‍ കിടക്കും മുന്‍പ് മധുരം കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ അത് അവസാനിപ്പിക്കുന്നതാണ് നല്ലത്. ഈ സമയത്ത് നിങ്ങളുടെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ പതുക്കെയായിരിക്കും നടക്കുന്നുണ്ടാവുക. അതിനാല്‍ രാത്രിയില്‍ ഉറങ്ങും മുന്‍പ് മധുരം കഴിക്കുന്ന ശീലം അമിതഭാരത്തിലേക്ക് നയിക്കും. തന്നെയുമല്ല ഉറക്കത്തെ ബാധിക്കുകയും ചെയ്യും.