ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിനായി ലോണെടുക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച് വരികയാണ്. സോഷ്യല്‍ മീഡിയ ബൂമും, എല്ലാവരും കണ്ടന്റ് ക്രിയേറ്റേഴ്‌സും ആയതോടെ മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ എടുക്കാന്‍ ആര്‍ക്കും മടിയില്ലാതായി. 85ശതമാനം തുകവരെ ഫോണ്‍ വാങ്ങാന്‍ വായ്പ നല്‍കുന്നവരുമുണ്ട്. വായ്പ ലഭിക്കാനും ലളിതമായ വ്യവസ്ഥകളായതിനാല്‍ വായ്പ എടുക്കാനും എളുപ്പമാണ്.
ആഗ്രഹത്തിന് അനുസരിച്ച് പ്രീമിയം ഫോണ്‍ കയ്യില്‍ ലഭിച്ചാല്‍ ആദ്യത്തെ രണ്ടുമാസങ്ങള്‍ക്ക് ശേഷം ഇഎംഐ അടയ്ക്കുന്നത് തന്നെ പലരും തെറ്റിച്ചുതുടങ്ങും. ഇതിന് പരിഹാരമായാണ് ലെന്‍ഡേഴ്‌സിന് ഫോണ്‍ ലോക്ക് ചെയ്യാനുള്ള അനുമതി നല്‍കാനുള്ള നീക്കത്തിലേക്ക് ആര്‍ബിഐ കടക്കുന്നത്.
പക്ഷെ ഫോണ്‍ ലോക്ക് സംവിധാനം ഉപയോഗിക്കുന്നതിന് മുന്‍പ് വായ്പ നല്‍കുന്ന സാമ്പത്തിക സ്ഫാനങ്ങള്‍ കടമെടുത്തയാളില്‍ നിന്ന് അനുവാദം വാങ്ങിയിരിക്കണം. ഫോണില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതിയില്ല.