അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമാക്കുന്ന ജനകീയാസൂത്രണ പദ്ധതികളിൽ ബ്ലോക്ക്പഞ്ചായത്തുകൾ വഹിച്ച പങ്ക് നിർണായകമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമീണ റോഡ് നിർമാണം, ഭവന പദ്ധതി നിർവ്വഹണം, ഗ്രാമ പഞ്ചായത്തുകളുടെ വികസന പ്രവർത്തന ഏകീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. പുതിയ കെട്ടിടo മാനന്തവാടിയുടെ മുഖച്ഛായ മറ്റുന്നതാണെന്നു അദ്ദേഹം പറഞ്ഞു.
മൂന്നുനില ക്കെട്ടിടമാണ് നവീകരിച്ചത്. താഴത്തെ നില ജനപ്രതിനിധികൾക്കും രണ്ടാംനില ഓഫീസ് പ്രവർത്തനങ്ങൾക്കും മൂന്നാം നില കോൺഫറൻസ് ഹാളായും ഉപയോഗിക്കും. റബ്കോയുടെ നേതൃത്വത്തിൽ ഓഫീസ് മുറ്റം ഇന്റർലോക്ക് പതിക്കൽ, എ.സി.പി. ജോലികൾ, പെയിന്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 60.63 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തി പൂർത്തിയാക്കിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തിരുനെല്ലി -തൊണ്ടനാട് – എടവക-വെള്ളമുണ്ട – തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.വി ബാലക്യഷ്ണൻ, അംബിക ഷാജി, അഹമ്മദ് കുട്ടി ബ്രാൻ, സുധി രാധാക്യഷ്ണൻ, എൽസി ജോയി, സെക്രട്ടറി കെ.കെ രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായ്പ അദാലത്ത് :
25,83,770 രൂപ ഇളവ് അനുവദിച്ചു.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായ്പാ അദാലത്തിൽ 25,83,770 രൂപയുടെ ഇളവ് അനുവദിച്ചു. മാനന്തവാടി ഉപജില്ലാ ഓഫീസിൽ നടന്ന അദാലത്ത് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. മാനന്തവാടി, മീനങ്ങാടി, നാദാപുരം ഓഫീസുകളിലെ 21 കേസുകളിലായാണ് 25,83,770 രൂപ ഇളവ് അനുവദിച്ചത്. സംസ്ഥാനത്തെ 38 ഓഫീസുകളിലായി നടന്ന എൽഡിആർ എഫ് അദാലത്തുകളിൽ നിന്നായി നാല് കോടിയിലധികം തുക വായ്പ കിഴിവ് അനുവദിച്ചു. മാനന്തവാടിയിൽ നടന്ന അദാലത്തിൽ കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ പ്രസാദ്, ഡയറക്ടർമാരായ അഡ്വ. പി പി ഉദയകുമാർ,ടി.ഡി ബൈജു, ധനകാര്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ജി ശ്രീനി, കമ്പനി സെക്രട്ടറി എസ്. സുജിത്ത്, അസിസ്റ്റൻ്റ് മാനേജർമാരായ ക്ലീറ്റസ് ഡി സിൽവ, ബിന്ദു വർഗീസ്, ആർ ഗിരിജ എന്നിവർ പങ്കെടുത്തു.