ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ അവസാന വട്ട ചർച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് ഇനി കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും നിമിഷ പ്രിയയുടെ മോചനത്തിനായി രംഗത്ത് വന്നിട്ടുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് ഒരു കോടിരൂപ സംഭാവന നല്‍കുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു. യെമനിലേക്ക് നേരിട്ട് പോകാൻ ബുദ്ധിമുട്ടായതിനാല്‍ ഒമാനിലേക്ക് പോയി ചർച്ചകള്‍ ത്വരിതപ്പെടുത്താനാണ് ശ്രമമെന്ന് ബോച്ചെ അറിയിച്ചു.
അബുദാബിയിലുള്ള സുഹൃത്ത് അബ്ദുള്‍ റൗഫ് വഴിയാണ് ചർച്ചകള്‍ നടക്കുന്നത്. റൗഫിന്റെ സുഹൃത്തായ യെമനിലെ ഇസുദ്ദീൻ എന്ന ബിസിനസുകാരൻ വഴിയാണ് നീക്കം. അവിടുത്തെ ഗ്രാമത്തലവനും കൊല്ലപ്പെട്ടയാളുടെ കുടുംബവും ചേർന്നാണ് മോചനകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇസുദ്ദീൻ വഴി ഗ്രാമത്തലവനുമായി ചർച്ച നടത്തിയതിന്റെ ഭാഗമായി അവർ വധശിക്ഷ ഒഴിവാക്കാൻ തയ്യാറാണെന്ന് ബോചെ പറഞ്ഞു. എന്നാല്‍ പണം കൊടുത്താലും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിലെ ചിലരൊക്കെ നിമിഷപ്രിയയോട് ക്ഷമിക്കാൻ തയ്യാറല്ല. അതാണ് ഇവിടുത്തെ വലിയ വെല്ലുവിളിയെന്നും ബോബി വ്യക്തമാക്കി.