പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ.
കല്ലൂർ ജിഎച്ച്എസ്എസ്, തോൽപ്പെട്ടി ജിഎച്ച്എസ്, വൈത്തിരി ജിഎച്ച്എസ്എസ്, തേറ്റമല ജിഎച്ച്എസ്, കാക്കവയൽ ജിഎച്ച്എസ്എസ്
എന്നീ സ്‌കൂളുകളിലാണ് ടിങ്കറിങ് ലാബിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.
വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യ, പ്രശ്നപരിഹാരം, നിർമിതബുദ്ധി തുടങ്ങിയവ പരിചയപ്പെടാനും പ്രായോഗികമാക്കാനുമുള്ള ഇടമാണ് ടിങ്കറിങ് ലാബ്.
സർഗാത്മകത, പുതുമ, വിമർശന ചിന്ത, നേതൃപാടവം, ക്രിയാത്മക ചിന്ത എന്നിവ വികസിപ്പിക്കുന്നതിനും നാളത്തെ ഗവേഷകരായി മാറാനുമുള്ള അവസരം നൽകുകയാണ്
ഇതിലൂടെ.
അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളാണ്
ടിങ്കറിങ് ലാബിന്റെ ഭാഗമാവുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെ ജൂനിയർ, സീനിയർ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ നൽകുന്നത്.
കോഡിങ്, റോബോട്ടിക്സ്, ത്രീഡി പ്രിൻ്ററുകൾ, സെൻസർ ടെക്നോളജി കിറ്റ് തുടങ്ങിയ നൂതന സംവിധാനങ്ങൾ ടിങ്കറിങ് ലാബിന്റെ ഭാഗമായുണ്ട്. വിദ്യാർത്ഥികൾ സങ്കൽപ്പിക്കുന്ന ശാസ്ത്രീയ ആശയങ്ങൾ പരീക്ഷിക്കാനും പഠിക്കാനും വികസിപ്പിക്കാനും ലാബിൽ കഴിയും. ക്ലാസ് മുറിയിൽ നേടിയ അറിവും ശാസ്ത്ര സർഗാത്മകതയും സംയോജിപ്പിച്ച് പ്രയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ അടിസ്ഥാന ഉദ്ദേശ്യം.
വിദ്യാർത്ഥികളിൽ കമ്പ്യൂട്ടേഷണൽ സ്‌കിൽ, അഡാപ്റ്റീവ് ലേണിങ്, പ്രശ്‌നപരിഹാരം, ഫിസിക്കൽ കമ്പ്യൂട്ടിങ്, ദ്രുത ഗണിതവിശകലനം തുടങ്ങിയ കഴിവുകൾ വളർത്താനും സാധിക്കുന്നു.
വിദ്യാർത്ഥിയുടെ സ്വതന്ത്രമായ ഗവേഷണങ്ങൾ,
വിദഗ്ധ ക്ലാസുകൾ, സംഘചർച്ച, പരിശീലനങ്ങൾ, മത്സരങ്ങൾ, എക്സിബിഷൻ, ജില്ലാതല മത്സരങ്ങൾ, പ്രശ്നപരിഹാര വർക്ക്‌ഷോപ്പുകൾ, ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന എന്നിവ ടിങ്കറിങ്ങിന്റെ ഭാഗമായി നടക്കും.