ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ചലനപരിമിതി നേരിടുന്ന വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തി ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് പദ്ധതി ലക്ഷ്യം.
ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരില്‍ നിന്നും മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരം 41 ഗുണഭോക്തക്കളെ തിരഞ്ഞെടുത്താണ് ആധുനിക വീല്‍ ചെയറുകള്‍ വിതരണം ചെയ്തത്. ശുഭയാത്രാ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം രൂപ ചെലവിട്ടാണ് പൊതു വിഭാഗത്തിലെ 41 ഗുണഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍ വിതരണം ചെയ്തത്. മൂന്നാംഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായ പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീത വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. വിജയന്‍, ബീന ജോസ്, എ.എന്‍ സുശീല, മീനാക്ഷി രാമന്‍, സിന്ധു ശ്രീധരന്‍, ബിന്ദു പ്രകാശ്, അമല്‍ ജോയ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്. ഗിഫ്റ്റ്‌സെന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.