വയനാട് ഗവ. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചു. പ്രഥമ മെഡിസിൻ ബാച്ചിൽ 41 വിദ്യാർത്ഥികളാണ് ഇതുവരെ അഡ്മിഷൻ എടുത്തത്. ഒക്ടോബർ മൂന്നിന് ഓൺലൈനായി ക്ലാസുകൾ തുടങ്ങിയിരുന്നു. ദേശീയ മെഡിക്കൽ കമ്മീഷന്റെയും കേരള ആരോഗ്യ സർവകലാശാലയുടെയും നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്ക് ഒക്ടോബർ 14 വരെ ഫൗണ്ടേഷൻ കോഴ്‌സ് നൽകും.
വിദ്യാർത്ഥികളെ മെഡിക്കൽ പാഠ്യപദ്ധതിയെയും ആരോഗ്യ പരിപാലന സംവിധാനത്തെയും കുറിച്ച് ബോധവാന്മാരാക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ ആരംഭിച്ച ഫൗണ്ടേഷൻ കോഴ്സ്. ഫൗണ്ടേഷൻ കോഴ്‌സിന് ശേഷം തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങും. 17 ആൺകുട്ടികളും 21 പെൺകുട്ടികളുമാണ് ആദ്യ ദിനം കോളജിലെത്തിയത്. വിദ്യാര്‍ത്ഥികൾക്കൊപ്പമെത്തിയ രക്ഷിതാകൾക്കും പ്രത്യേക ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
വയനാട് മെഡിക്കൽ കോളേജിൽ 50 എംബിബിഎസ് സീറ്റുകൾക്കാണ് ഈ വർഷം നാഷണൽ മെഡിക്കൽ മിഷന്റെ അനുമതി ലഭിച്ചത്. ഇതിൽ ഏഴെണ്ണം അഖിലേന്ത്യാ ക്വാട്ടയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ബാക്കി സീറ്റുകൾ സംസ്ഥാനത്തു നിന്നുള്ള വിദ്യാർത്ഥികൾക്കാണ്. പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്.