മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മാതൃ-ശിശു ആരോഗ്യ സമുച്ചയം ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ്മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ആരോഗ്യ തലത്തിൽ സംസ്ഥാനത്തെ ഏറ്റവുമധികം പ്രസവങ്ങൾ നടക്കുന്ന ആശുപത്രികളിലൊന്നാണ് മീനങ്ങാടി മീനങ്ങാടി സി.എച്ച്.സിയെന്ന് മന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ചൂരൽമല ദുരന്തത്തിന് ശേഷം ജില്ലയിൽ മാതൃമരണങ്ങൾ ഉണ്ടായിട്ടില്ലെന്നത് അഭിമാനകരമാണെന്ന് വ്യക്തമാക്കിയ മന്ത്രി വയനാട് ജില്ലയിൽ വാഗ്ദാനം ചെയ്ത പദ്ധതികൾ എല്ലാം തന്നെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
പഴയ കെട്ടിടങ്ങളിലെ അസൗകര്യങ്ങളും ആധുനിക പ്രസവ-ശസ്ത്രക്രിയാ സൗകര്യങ്ങളുടെ അഭാവവും സി.എച്ച്.സി.യുടെ വികസനത്തിന് തടസ്സമായിരുന്നു. ഈ വെല്ലുവിളികൾ മറികടന്നാണ് സ്ഥാപനത്തെ ലക്ഷ്യ മാനദണ്ഡങ്ങൾ അനുസരിച്ച് ഉയർത്തുന്നതിനായി പുതിയ എംസിഎച്ച് ബ്ലോക്ക് യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. 59 കിടക്കകളുള്ള പുതിയ മാതൃ-ശിശു ബ്ലോക്കിൽ രണ്ട് ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, നാലു ലേബർ കോട്ടുകൾ, നവജാത ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുമുണ്ട്. സെൻട്രലൈസ്ഡ് ഓക്സിജൻ വിതരണ സംവിധാനവും, ലിഫ്റ്റ്, അഗ്നിശമന സംവിധാനങ്ങൾ, ജനറേറ്റർ ബാക്ക്അപ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തിൽ പ്രതിമാസമെത്തുന്ന ആയിരത്തിലധികം പേർക്ക് പുതിയ മാതൃ-ശിശു ബ്ലോക്കിലെ സൗകര്യങ്ങൾ ഉപകാരപ്രദമാകും.
പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷനായ പരിപാടിയിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനീഷ് ബി നായർ, ലത ശശി, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനാ വിജയൻ, ജില്ലാ മെഡിക്കൽ ഓഫീസർ ടി.മോഹൻദാസ്, ഡി.പി.എം സമീഹ സൈതലവി, മീനങ്ങാടി സി.എച്ച്.സിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.കെ. ഗീത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.