തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് സബ്സിഡി ഇതര ഉൽപ്പന്നങ്ങൾ വാങ്ങുന്ന സ്ത്രീ ഉപഭോക്താക്കൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമെയായിരിക്കും ഈ പ്രത്യേക ഇളവ്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ ഒന്നു മുതൽ സപ്ലൈകോ നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പ്രതിമാസം 250 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടാണ് പുതിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. 14 ജില്ലകളിലും 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള പുഴുക്കലരി സബ്സിഡി നിരക്കിൽ ഉൾപ്പെടുത്തി റേഷൻ കാർഡ് ഉടമകൾക്ക് 20 കിലോഗ്രാം വരെ നൽകും. നിലവിൽ ഇത് 10 കിലോഗ്രാമാണ്. സ്ഥിരം ഉപഭോക്താക്കൾക്കായി ‘പ്രിവിലേജ് കാർഡുകൾ’ ഏർപ്പെടുത്തും. ഓരോ പർച്ചേസിനും ലഭിക്കുന്ന പോയിന്റുകൾ ഉപയോഗിച്ച് പിന്നീട് വിലക്കിഴിവ് നേടാം. ഈ സാമ്പത്തിക വർഷം 30 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളും, 15 മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളുമായി ഉയർത്തും. തലശ്ശേരി, എറണാകുളം, കോട്ടയം സൂപ്പർമാർക്കറ്റുകൾ ഈ വർഷം ഡിസംബറോടെ ആധുനിക ഷോപ്പിംഗ് അനുഭവം നൽകുന്ന ‘സിഗ്നേച്ചർ മാർട്ടുകളാക്കി’ മാറ്റും. ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ, സപ്ലൈകോയുടെ ഭാവി പദ്ധതികൾ അടങ്ങിയ ‘വിഷൻ-30’ അവതരിപ്പിച്ചു. മുൻ മാനേജിംഗ് ഡയറക്ടർമാരെയും ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. സപ്ലൈകോ ഓണം ലക്കി ഡ്രോ വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.