സ്ത്രീകളാണ് ഏറ്റവും കൂടുതൽ സമയം അടുക്കളയിൽ ചിലവഴിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. പുതിയകാലത്ത് ആണുങ്ങളും പാചകം ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ ഈ പറയാൻ പോകുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചേ തീരു… പൊരിച്ച ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ, ഗ്രില്ലിങ് പോലുള്ള പാചക പരീക്ഷണമൊക്കെ നടത്തുമ്പോൾ മനസില്‍ രുചിയേറുന്ന ഭക്ഷണം കഴിക്കാനുള്ള ആവേശമായിരിക്കും. പക്ഷേ ഇത്തരം പാചക രീതികളിലൂടെ മറ്റു ചില കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ടെന്ന് പലരും അറിയുന്നേയില്ല.
നല്ല ചൂടുള്ള ഭക്ഷണം തയ്യാറാക്കിയെടുക്കുമ്പോള്‍ നൈട്രജൻ ഓക്‌സൈഡും ചില സൂക്ഷ്മകണങ്ങളും വായുവിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ഫ്രൈ ഐറ്റംസ് ഉണ്ടാക്കുമ്പോള്‍. പിന്നീട് നിങ്ങൾ ശ്വസിക്കുന്നത് ഇവയെല്ലാം കലർന്ന വായുവായിരിക്കും. പാചകം അവസാനിച്ച് ഏറെനേരം കഴിഞ്ഞാലും ഈ വായു അടുക്കളയ്ക്കുള്ളിൽ തന്നെ നിലനിൽക്കുകയും ചെയ്യും. സാധാരണ ഇന്ത്യന്‍ അടുക്കളയില്‍ മിക്കവാറും ഒരു പുക അടുപ്പെങ്കിലും ഉണ്ടാവും. ഇവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയെ കുറിച്ച് പറയണ്ടല്ലോ?
അടുക്കളയിൽ സ്ഥിരം പാകം ചെയ്യുന്നവർ ദിവസവും ഈ പുക ശ്വസിക്കും. അതിന്റെ ഫലമോ? ചർമം മങ്ങും, മുഖത്തെ സുഷിരങ്ങൾ അടയും മാത്രമല്ല മുടികയിഴകൾ കട്ടിവച്ചതു(ഫ്രൈ ചെയ്തപോലെ) പോലെ അനുഭവപ്പെടും. തീർന്നില്ല ഈ പുക ശ്വസിക്കുന്നത് ശ്വാസസംബന്ധമായ അസുഖങ്ങളും ചർമത്തിന് പ്രായംതോന്നിക്കാനും ഇടയാക്കും. ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന സൂക്ഷ്മകണങ്ങളിൽ നാൽപത് മുതൽ അറുപത് ശതമാനവും അടുക്കളകളിലെ പാചകത്തിൽ നിന്നാണ് ഉണ്ടാകുന്നത്. തിരക്കുള്ള ഒരു ഹൈവേയിൽ നിൽക്കുന്നതിന് തുല്യമാണ് പലപ്പോഴും അടുക്കളയിലെ വിഷാംശമുള്ള വായുവിൽ നിൽക്കുന്നത്.
ഇത്തരം അവസ്ഥകളിൽ നിന്നും രക്ഷനേടാൻ ചില കുഞ്ഞു മാർഗങ്ങൾ പരീക്ഷിച്ചാൽ മതിയാകും. അടുക്കളയിൽ വെന്റിലേഷനുകൾ ഉണ്ടാകണം, ചിമ്മിനി അല്ലെങ്കിൽ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് നോക്കണം. പാചകം കഴിഞ്ഞും ഇവയുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം.








