കൽപറ്റ : വയനാട് ജില്ലയിലെ എല്ലാവർക്കും ബേസിക് ലൈഫ് സപ്പോർട്ട് (BLS) അഥവാ പ്രാഥമിക ജീവൻരക്ഷാ ഉപാധികളിൽ പരിശീലനം നൽകുന്ന ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ബഹു. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമ മന്ത്രി ഒ.ആർ. കേളുവും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീറും ചേർന്ന് പദ്ധതിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു.
ഹൃദയസ്തംഭനം, വൈദ്യുതാഘാതം, വെള്ളത്തിൽ വീഴുക തുടങ്ങിയ ജീവൻ അപകടത്തിലാക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ, വൈദ്യസഹായം ലഭിക്കുന്നതിനുമുമ്പ് ഒരാളുടെ ജീവൻ നിലനിർത്താൻ നൽകുന്ന ചികിത്സാ രീതിയാണ് ബി.എൽ.എസ് പരിശീലനം .
ഇതിന്റെ ഭാഗമായി വയനാട്ടിലെ സ്കൂളുകൾ, കോളേജുകൾ , കായിക-സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ
കൂടാതെ ജനങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്ന മറ്റ് സാമൂഹിക സംഘടനകളിലെ അംഗങ്ങൾക്കും പരിശീലനം നൽകാനാണ് ലൈഫ് ലൈൻ പദ്ധതി ലക്ഷ്യമിടുന്നത്.
കൽപ്പറ്റ എം.സി.എഫ്. സ്കൂൾ അംഗണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രസിഡന്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി, സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡി ജി എം ഡോ. ഷാനവാസ് പള്ളിയാൽ, മാതൃഭൂമി ബ്യൂറോ ചീഫ് നീനു മോഹൻ, സി.സി.എസ്.കെ. വയനാട് പ്രസിഡന്റ് വി.ജി. സുരേന്ദ്രനാഥ്, ഡോ. യൂനസ് സലീം, പി.ടി.എ. പ്രസിഡന്റ് കെ.പി. ഷംസുദ്ദീൻ, നജീബ് കാരടൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.








