കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്നും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, കൂടുതൽ കായിക പ്രതിഭകളെ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൂടുതൽ പ്രദേശങ്ങളിൽ കളിസ്ഥലങ്ങൾ ഒരുക്കുന്ന പ്രവർത്തികൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നവീകരണത്തിനായി 35 ലക്ഷം രൂപയാണ് അനുവദിച്ചത്. കായികക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ കൂടി ഉപയോഗിച്ചാണ് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പഴയ വൈത്തിരിയിൽ കളിസ്ഥലത്തിന് വേണ്ടി ഭൂമി വിട്ട് നൽകിയ വൈത്തിരി സ്വദേശി ഉസ്മാൻ മദാരിയെ മന്ത്രി ചടങ്ങിൽവെച്ച് ആദരിച്ചു.
ടി. സിദ്ധിഖ് എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി, എൽസി ജോർജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.കെ തോമസ്, ഒ ജിനിഷ, എൻ.ഒ ദേവസ്സി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ.പി.എം മുഹമ്മദ് അഷ്റഫ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സജ്‌ന, സി.ഡി.എസ് ചെയർപേഴ്സൺ ഷാജിമോൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായികതാരങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.








