മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്.
മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ വിവാഹത്തട്ടിപ്പ് കേസുകളും നിലവിലുണ്ട്.
ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അഞ്ചാം മൈൽ മൊക്കത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. മാനന്തവാടി ഇൻസ്പെക്ടർ പി. റഫീഖിന്റെ നിർദേശപ്രകാരം എസ്ഐ പവനൻ, എസ്സിപിഒ സെൽവൻ, സിപിഒമാരായ ജാഫർ, അനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.







