കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ ചെക്ക് ഡാം നിർമ്മിച്ചത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്. വണ്ടിയാമ്പറ്റ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്ന് പുഴയിലേക്ക് ഒഴുകുന്ന ജലം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം നിര്‍മിച്ചത്.
ചെക്ക് ഡാം യാഥാര്‍ത്ഥ്യമായതാടെ പ്രദേശത്തെ 80 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാൻ സഹായകമാവും. പദ്ധതി യാഥാര്‍ത്ഥ്യമായതിൽ ഏറെ സന്തോഷത്തിലാണ് ഇവിടുത്തെ കർഷകരും നാട്ടുകാരും. ചെക്ക് ഡാമിനോടൊപ്പം 10 ലക്ഷം ചെലവഴിച്ച് മുതലടി റോഡ് നിർമാണവും തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അധ്യക്ഷനായ പരിപാടിയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം ഓഫീസർ പി.സി മജീദ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഹണി ജോസ്, ഇ.കെ വസന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പാറപ്പുറം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.സി ദേവസ്യ, അംഗമായ സുരേഷ് ബാബു വാളാൽ, പാടശേഖര സമിതി പ്രസിഡന്റ് ഇ.എഫ് ബാബു, സെക്രട്ടറി ജോണി പുന്നക്കൽ, വിജിലൻസ് ആൻഡ് മോണിറ്ററിങ് സമിതി അംഗം പി.സി അബ്ദുള്ള കോട്ടത്തറ, ജോസ് ആന്റണി, ഇ.ആർ പുഷ്പ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.എസ് പ്രിൻസ്, എ.ഡി.എസ് പ്രവർത്തകർ, മേറ്റുുമാർ, തൊഴിലുറപ്പ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.








