കൽപ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട് ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 98 പോയിന്റുകളോടെ മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 91 പോയിന്റുകളുമായി കൽപ്പറ്റ സബ് ഡിവിഷൻ രണ്ടാം സ്ഥാനവും, 74 പോയിന്റുകളുമായി ബത്തേരി സബ് ഡിവിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡി.എച്ച്.ക്യൂ സബ് 53 പോയിന്റും സ്‌പെഷ്യൽ യൂണിറ്റ് 33 പോയിന്റും കരസ്ഥമാക്കി. പുരുഷ വിഭാഗങ്ങളില്‍ ഓപ്പൺ കാറ്റഗറിയിൽ പി. ജയപ്രകാശ്(കൽപ്പറ്റ സബ് ഡിവിഷൻ), കെ.ഡി റാംസൺ(ബത്തേരി സബ് ഡിവിഷൻ) എന്നിവരും വനിതാ വിഭാഗങ്ങളിൽ സൈദ (കൽപ്പറ്റ സബ് ഡിവിഷൻ), തുളസി(ബത്തേരി സബ് ഡിവിഷൻ) എന്നിവരും വ്യക്തിഗത ചാംപ്യന്മാരായി. വെറ്ററൻസ് വിഭാഗത്തിൽ പി. ഹാരിസ് (സ്‌പെഷ്യൽ യൂണിറ്റ്), ഷീജ (ബത്തേരി സബ് ഡിവിഷൻ) എന്നിവരും പുരുഷ/വനിത വ്യക്തിഗത ചാംപ്യന്മാരായി. വാശിയേറിയ വടംവലി മത്സരത്തില്‍ മാനന്തവാടി സബ് ഡിവിഷൻ വിജയികളായി. ഗെയിംസ് ഇനങ്ങളായ ക്രിക്കറ്റ്, ഫുട്‌ബോൾ ടൂർണമെന്റുകളിൽ ഡി.എച്ച്.ക്യൂവും, വോളിബോളില്‍ മാനന്തവാടി സബ്ബ് ഡിവിഷനും ജേതാക്കളായി. ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ മാനന്തവാടി സബ്ഡിവിഷനിലെ റാഷിദും ഡബിൾസ് മത്സരത്തിൽ സ്‌പെഷ്യൽ യൂനിറ്റിലെ സജീവൻ- നെതിൽ സഖ്യവും ചാമ്പ്യന്മാരായി.
09.11.2025 തീയതി രാത്രി നടന്ന സമാപന ചടങ്ങിന്റെ ഉദ്‌ഘാടനം ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഐ.എ.എസ് നിർവഹിച്ചു. കലക്ടറും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതരി ഐ.പി.എസും, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐ.എഫ്.എസും ചേർന്ന് വിജയികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു. ജില്ലാ പോലീസ് അഡീഷണൽ എസ്.പി എൻ.ആർ. ജയരാജ്, ഡിവൈ.എസ്.പിമാരായ കെ.ജെ. ജോൺസൺ(ഡി.സി.ആർ.ബി), അബ്ദുൽ കരീം( സ്‌പെഷ്യൽ ബ്രാഞ്ച്), പി.എൽ. ഷൈജു(കൽപ്പറ്റ), കെ.കെ. അബ്ദുൽ ഷരീഫ്(ബത്തേരി), വി.കെ. വിശ്വംഭരൻ(മാനന്തവാടി), അഗസ്റ്റിൻ(എസ്.എം.എസ്), കെ ജി പ്രവീൺ കുമാർ (ജില്ലാ ക്രൈം ബ്രാഞ്ച്) തുടങ്ങിയവരും വിവിധ സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാരും, മറ്റു പോലീസ് ഉദ്യോഗസ്ഥരും, സ്പോർട്‌സ് സംഘാടക സമിതി അംഗങ്ങളായ കെ.എം ശശിധരൻ, ബിപിൻ സണ്ണി, ഇർഷാദ് മുബാറക് തുടങ്ങിയവരും സന്നിഹിതരായിരുന്നു.








