മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
സ്വകാര്യ ആശുപത്രികളിൽ മൂന്നുലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ പൂർണമായും സൗജന്യമായാണ് നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
തുറന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് വേദന കുറവായ ഈ രീതിയിലൂടെ രോഗിക്ക് വളരെ വേഗം സുഖംപ്രാപിക്കാൻ സാധിക്കും. ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. രാജു കറുപ്പലിന്റെ നേതൃത്വത്തിൽ ഡോ. സുരേഷ്, ഡോ. ഇർഫാൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബഷീർ, ഡോ. ഉസ്മാൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ഈ നേട്ടത്തോടെ, അത്യാധುನിക ആർത്രോസ്കോപ്പിക് സേവനങ്ങൾ ലഭ്യമാക്കുന്ന സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളുടെ പട്ടികയിൽ വയനാട് മെഡിക്കൽ കോളേജും ഇടംപിടിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖംപ്രാപിച്ചുവരുന്നു.








