എറണാകുളം – ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയെങ്കിലും കേരളത്തിലെ യാത്രക്കാർക്ക് സ്ഥിരമായി വെയിറ്റിങ് ലിസ്റ്റാണ് ലഭിക്കുന്നത്.എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ട്രെയിനിന് സ്റ്റോപ്പുള്ളത്. എന്നാല്‍ ഡിസംബർ 2 വരെ കേരളത്തിലെ ഈ സ്റ്റേഷനുകളില്‍ നിന്ന് ബെംഗളൂരുവിലേക്ക് ബുക്ക് ചെയ്താല്‍ ടിക്കറ്റുകള്‍ വെയിറ്റിങ് ലിസ്റ്റിലാണ്.
കേരളത്തില്‍ ടിക്കറ്റ് ലഭ്യമല്ലെങ്കില്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ മറ്റൊരു വഴി കണ്ടെത്തിയിരിക്കുകയാണ് യാത്രക്കാർ. പാലക്കാട് നിന്ന് വെറും 52 കിലോമീറ്റർ മാത്രം അകലെയുള്ള കോയമ്ബത്തൂരില്‍ എത്തുക. വന്ദേഭാരതില്‍ ഒരു ടിക്കറ്റ് കോയമ്ബത്തൂർ വരെ എടുക്കുക. തുടർന്ന് കോയമ്ബത്തൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് മറ്റൊരു ടിക്കറ്റ് എടുക്കുക.ഈ മാസം 20 മുതല്‍ കോയമ്ബത്തൂരില്‍ നിന്ന് ബെംഗളുരുവിലേക്ക് ടിക്കറ്റ് ലഭ്യമാണ് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ അതേ സമയത്തുപോലും പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് ടിക്കറ്റ് ലഭ്യമല്ല എന്നും ഇവർ വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് ഈ പ്രതിസന്ധി?
വന്ദേഭാരത് ടിക്കറ്റ് റിസർവേഷൻ ചെയ്യുമ്ബോള്‍ കേരളത്തിലെ സ്റ്റോപ്പുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളേക്കാള്‍ പ്രാധാന്യം കുറയുന്നുണ്ടോ എന്ന ചോദ്യം ഇതോടെ ഉയരുകയാണ്. സാധാരണയായി, ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ നഗരത്തിനും ടിക്കറ്റ് ക്വാട്ട നിശ്ചയിക്കണമെന്നാണ് നിയമം. ട്രെയിൻ പുറപ്പെടുന്ന നഗരങ്ങള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ക്വാട്ട ലഭിക്കുക.
ബുക്കിങ് കുറവുള്ള നഗരങ്ങളിലെ ക്വാട്ട മറ്റ് നഗരങ്ങളിലേക്ക് കൂട്ടിച്ചേർക്കാറുമുണ്ട്. എന്നാല്‍ വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ ഈ ക്വാട്ടാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നു. ഉദാഹരണത്തിന്, ഈ മാസം 20 മുതല്‍ പാലക്കാട് നിന്ന് കോയമ്ബത്തൂരിലേക്ക് ടിക്കറ്റ് കിട്ടുമെങ്കിലും, അതേ സമയത്ത് പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് ടിക്കറ്റ് കിട്ടുന്നില്ല. കേരളത്തില്‍ യാത്രക്കാരുടെ ഉയർന്ന ഡിമാൻഡ് നിലനില്‍ക്കുമ്ബോള്‍ പോലും ടിക്കറ്റ് ലഭ്യത കുറവായത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.








