ഇന്ത്യയിൽ ട്രെയിനുകളിൽ മദ്യം കൊണ്ടുപോകാൻ കഴിയുമോ? ദീർഘകാലമായി പലർക്കുമുള്ള ഒരു സംശയമാണിത്. ഈ ഒരു ചോദ്യത്തിനുള്ള ഉത്തരം അത്ര ലളിതമല്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 1989ലെ ഇന്ത്യൻ റെയിൽവേ ആക്ട് അനുസരിച്ച്, മറ്റുള്ളവർക്ക് അസൗകര്യമോ അപകടമോ ഉണ്ടാക്കുന്ന ലഹരി വസ്തുക്കൾ ട്രെയിനുകളിൽ കൊണ്ടുപോകുന്നതിനോ ഉപയോഗിക്കുന്നതിനോ യാത്രക്കാർക്ക് വിലക്കുണ്ട്. ഈ നിയമമാണ് പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്.
കേന്ദ്ര, സംസ്ഥാന നിയമങ്ങളാണ് ഇന്ത്യൻ റെയിൽവേയുടെ മദ്യനിയമങ്ങൾ നിർണ്ണയിക്കുന്നത്. എന്നാൽ, ട്രെയിനുകളിലെ പെരുമാറ്റച്ചട്ടം റെയിൽവേ നിയമപ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. ട്രെയിനിൽ നിങ്ങൾക്ക് മദ്യം കൊണ്ടുപോകാൻ കഴിയുമോ എന്ന് തീരുമാനിക്കുന്നത് അതാത് സംസ്ഥാനങ്ങളുടെ എക്സൈസ് നിയമങ്ങളുമാണ്. നിങ്ങൾ യാത്ര ചെയ്യുന്ന സംസ്ഥാനങ്ങൾ അനുസരിച്ച് മദ്യം കൊണ്ടുപോകുന്നതിന് ചില നിയന്ത്രണങ്ങളും ഇളവുകളുമുണ്ട്. വ്യക്തിഗത ഉപയോഗത്തിനായി സീൽ ചെയ്ത മദ്യക്കുപ്പികൾ സാധാരണയായി ചില വ്യവസ്ഥകൾ പ്രകാരം അനുവദനീയമാണ്.
ഗോവ, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ, യാത്രക്കാർക്ക് വ്യക്തിഗത ഉപയോഗത്തിനായി ചെറിയ അളവിൽ സീൽ ചെയ്ത മദ്യം കൊണ്ടുപോകാം. എന്നാൽ, ഗുജറാത്ത്, ബിഹാർ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഡ്രൈ സോണുകളായതിനാൽ മദ്യത്തിന് പൂർണ്ണമായും നിരോധനമുണ്ട്. അതായത്, നിങ്ങളുടെ യാത്ര റൂട്ടിൽ മദ്യത്തിന് നിരോധനമുള്ള സംസ്ഥാനം കടക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ട്രെയിനുകളിൽ സീൽ ചെയ്ത മദ്യം കൊണ്ടുപോകാവുന്നതാണ്. നിങ്ങൾ ഒരു മദ്യനിരോധനമുള്ള പ്രദേശത്ത് പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പക്കലുള്ള മദ്യക്കുപ്പികൾ നിയമപരമായി വാങ്ങിയതാണെങ്കിൽ പോലും നിയമവിരുദ്ധമായി കണക്കാക്കപ്പെടും.








