ആന്റിബയോട്ടിക്കുകളുടെ വിവേചന രഹിതമായ ഉപയോഗത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് (എ.എം.ആർ) അവബോധ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടി കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച ഏകാരോഗ്യമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നവംബർ 24 വരെ ജില്ലയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. ‘ഇപ്പോൾ പ്രവർത്തിക്കുക: ഇന്ന് സൂക്ഷിച്ചാൽ, ഭാവി സുരക്ഷിതമാകും’ (Act Now: Protect Our Present, Secure Our Future) എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾ. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ടപടി സ്വീകരിക്കണമെന്ന സന്ദേശത്തിനൊപ്പം ആന്റിബയോട്ടിക് പ്രതിരോധമാർജിച്ച രോഗാണുക്കൾ കാരണമുണ്ടാകാവുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള മുന്നിറിയിപ്പും ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്കരണ ലോഗോ പ്രകാശനം ചെയ്തു. ജില്ലയിൽ ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാ കലക്ടർക്ക് വയനാട് എഗൈൻസ്റ്റ് ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് ഹീറോ (WAAR-HERO) മെമന്റോ സമ്മാനിച്ചു. ബോധവത്ക്കരണ പ്രവർത്തകർക്ക് നൽകുന്ന വാർ കേഡറ്റ് ബാഡ്‍ജ് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ സമീഹാ സൈദലവി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ,കെ വിമൽ രാജിന് കൈമാറി പ്രകാശനം ചെയ്തു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് മൈക്രോ ബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ സൂര്യകല എ.എം.ആർ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ആര്യ വിജയകുമാർ ബോധവത്കരണ ലഘുലേഖ പ്രകാശനം ചെയ്തു.
മാനന്തവാടി ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ ചാന്ദ്നി, ഡോ. ആര്യ വിജയകുമാർ, ഡോ. ശ്രീനാഥ് ഹരി, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എസ് ശ്രീജിത്ത്, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. പി.എസ് സുഷമ, ജില്ലാ എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. കെ.ആർ ദീപ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു, ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ ശാന്തി കൃഷ്ണ, വെറ്റിനറി സർജൻ ഡോ.സീന, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നൗഷ, ഫിഷറീസ് ഓഫീസർ ധന്യ സണ്ണി, ഐ.എം.എ ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. എം.പി രാജേഷ് കുമാർ, കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ റോയ്, ആരോഗ്യ കേരളം ജൂനിയർ കൺസൾട്ടന്റ് ഡോ. കുഞ്ഞികണ്ണൻ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം ഫസൽ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ബിബിൻ ബാലകൃഷ്ണൻ, ജൂനിയർ കൺസൾട്ടന്റ് നിജിൽ എന്നിവർ സംസാരിച്ചു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, വനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, മെഡിക്കൽ കോളേജ്, ആരോഗ്യ കേരളം, മലിനീകരണ നിയന്ത്രണ ബോർഡ്, കുടുംബശ്രീ മിഷൻ, ഡ്രഗ്സ് കൺട്രോൾ എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.








