കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തടയാതെ സുപ്രീംകോടതി. എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവ്വം പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നല്‍കി. എസ്ഐആര്‍ പ്രക്രിയയ്ക്ക് നിലവിലുള്ളതിനെക്കാൾ കൂടുതൽ സംസ്ഥാന സർക്കാർ ജീവനക്കാരെ ഉയോഗിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
കേരളത്തിലെ എസ്ഐആർ നടപടിയുടെ നിലവിലെ സ്ഥിതി കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ സുപ്രീംകോടതിയെ ധരിപ്പിച്ചു. ഇത് കേട്ട ശേഷാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് എസ്ഐആർ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാമെന്ന് പറഞ്ഞത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരെ എസ്ഐആർനായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. എന്യുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഒരാഴ്ചയോ അതിൽ കൂടുതലോ നീട്ടുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകിയത്. നീട്ടണമെന്ന ആവശ്യം ന്യായമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അപേക്ഷ കിട്ടി രണ്ട് ദിവസത്തിനുള്ളിൽ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം








