അസുഖം വരുമ്പോള്‍ മരുന്നുകള്‍ കഴിക്കുന്നത് സ്വാഭാവികമാണ്. ചുമ, പനി തുടങ്ങിയ ചെറിയ അസുഖങ്ങള്‍ക്ക് മുതല്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് വരെ മരുന്നുകള്‍ കഴിക്കുന്നത് ജീവിതത്തിന്റെ ഭാഗമാണ്. ചിലര്‍ ഗുളികകള്‍ തൊണ്ടയില്‍നിന്ന് ഇറങ്ങി പോകുന്നതിന് മാത്രമായി അല്‍പ്പം വെള്ളം കുടിക്കുമ്പോള്‍ മറ്റു ചിലര്‍ ഏറെ വെള്ളം കുടിക്കും. എന്നാല്‍ ശരിക്കും എത്ര അളവിലാണ് ഗുളികയോടൊപ്പം വെള്ളം കുടിക്കേണ്ടത്.
മരുന്നുകള്‍ക്കൊപ്പം വെളളം കുടിക്കേണ്ടതിന്റെ പ്രാധാന്യം
മരുന്നുകളോടൊപ്പം വെള്ളം കുടിക്കേണ്ടത് പല കാരണങ്ങള്‍കൊണ്ടും അത്യാവശ്യമാണ്. ഒന്നാമതായി ഗുളികകള്‍ തൊണ്ടയില്‍ കുരുങ്ങാതെ ആമാശയത്തില്‍ സുരക്ഷിതമായെത്താന്‍ വെള്ളം സഹായിക്കുന്നു. രണ്ടാമതായി മരുന്ന് വേഗത്തില്‍ ലയിക്കാനും ശരീരത്തിലേക്ക് ഫലപ്രദമായി ആഗിരണം ചെയ്യാനും സഹായിക്കുന്നു. ചില മരുന്നുകള്‍ പെട്ടെന്ന് ലയിക്കുന്ന രൂപത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെള്ളം കുടിക്കുന്നത് ഒഴിവാക്കിയാല്‍ ഈ പ്രക്രിയ തടസപ്പെടുകയും അവയുടെ ഫലപ്രാപ്തി കുറയുകയും ചെയ്യും. ചില ഗുളികകള്‍ വെള്ളമില്ലാതെ കഴിച്ചാല്‍ അന്നനാളത്തിലോ വയറിലെ പാളിയിലോ അസ്വസ്ഥത ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിനോ അള്‍സറിനോ ഉള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
ഗുളികകള്‍ക്കൊപ്പം എത്ര വെള്ളം കുടിക്കണം
ഗുളികയുടെ വലിപ്പവും തരവും അനുസരിച്ചാണ് ആവശ്യമായ വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു പൊതുമാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ഓരോ ഗുളികയ്‌ക്കൊപ്പവും കുറഞ്ഞത് ഒരു മുഴുവന്‍ ഗ്ലാസ് വെള്ളം എങ്കിലും (ഏകദേശം 200-250 മില്ലി ലിറ്റര്‍) കുടിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. സാവധാനം ലയിക്കുന്ന മരുന്നുകള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കേണ്ടത് അത്യാവശ്യമാണ്. മരുന്നിനൊപ്പം വെളളം കുടിക്കുന്നത് ശരിയായ ജലാംശത്തെയും മൊത്തത്തിലുള്ള ദഹനത്തെയും മരുന്നിന്റെ ആഗിരണത്തെയും സഹായിക്കുന്നു.
ഗുളിക കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് NIH ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്. 60 മില്ലിയില്‍ താഴെ വെളളംകുടിക്കുകയോ ഉമിനീരിന്റെ സഹായത്തില്‍ മാത്രം വെള്ളം കുടിക്കുകയോ ചെയ്യുന്നത് അന്നനാളത്തില്‍ ഗുളിക ഏറെ സമയം തങ്ങിനില്‍ക്കാന്‍ കാരണമാകുന്നു. ഇത് അസ്വസ്ഥത ഉണ്ടാക്കുമെന്ന് പഠനം എടുത്ത് കാണിക്കുന്നു








