ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വാട്‌സ്ആപ്പ് പുതിയ ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ചു. ഗ്രൂപ്പുകളിൽ പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ അവർക്കു മുൻപ് നടന്ന സംഭാഷണങ്ങളുടെ പശ്ചാത്തലം അറിയാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിക്ക് പരിഹാരമായാണ് ഈ പുതിയ അപ്‌ഡേറ്റ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രഖ്യാപിച്ച ഈ ഫീച്ചർ ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഘട്ടംഘട്ടമായി ലഭ്യമാകുന്നതാണ്. പുതിയ ഫീച്ചർ ഉപയോഗിക്കാൻ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദേശിച്ചു.
വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പുതിയ അംഗങ്ങള്‍ക്ക് ഇനി പഴയ മെസേജുകള്‍ വായിക്കാം
ഇതിനുമുമ്പ്, ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പുതുതായി ചേർക്കപ്പെട്ട വ്യക്തിക്ക് താൻ ചേർന്ന ശേഷമുള്ള സന്ദേശങ്ങൾ മാത്രമേ കാണാൻ സാധിക്കുമായിരുന്നുള്ളു. അതിനാൽ ഗ്രൂപ്പിൽ നടന്ന പ്രധാന ചർച്ചകളുടെ പശ്ചാത്തലം ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. പഴയ സന്ദേശങ്ങൾ കാണാൻ താൽപ്പര്യമുള്ള പുതിയ അംഗങ്ങൾക്ക് മറ്റ് അംഗങ്ങൾ പ്രത്യേകം ഫോർവേഡ് ചെയ്യേണ്ടിയിരുന്നു. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചർ വഴി അഡ്‍മിനുകൾക്കും സാധാരണ അംഗങ്ങൾക്കും പുതുതായി എത്തിയ വ്യക്തിക്ക് മുൻകാല സന്ദേശങ്ങൾ പങ്കുവെക്കാൻ കഴിയും.
വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പഴയ 25 മുതൽ പരമാവധി 100 വരെ സന്ദേശങ്ങൾ തിരഞ്ഞെടുത്ത് പുതിയ മെമ്പർമാർക്ക് അയയ്ക്കാൻ സാധിക്കും. ഗ്രൂപ്പിന്‍റെ സ്വഭാവം അനുസരിച്ച് സന്ദേശങ്ങളുടെ എണ്ണം തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഈ പ്രക്രിയ പൂർണമായും മാനുവൽ രീതിയിലാണ് ചെയ്യേണ്ടത്. അതായത് വാട്‍സ്‌ആപ്പ് സ്വമേധയാ ഗ്രൂപ്പിലെ ചാറ്റ് ഹിസ്റ്ററി പങ്കുവയ്ക്കില്ല. പുതിയ അംഗം ചേർന്നാൽ അടുത്തകാലത്തുള്ള സന്ദേശങ്ങൾ പങ്കുവെക്കാനുള്ള ഓപ്ഷൻ അഡ്‍മിൻമാർക്കും മറ്റ് അംഗങ്ങൾക്കും കാണാൻ സാധിക്കും. ആവശ്യമെങ്കിൽ അഡ്‍മിന് ഈ ഫീച്ചർ ഗ്രൂപ്പിൽ നിന്ന് ഓഫാക്കി വയ്ക്കാനും കഴിയും








