“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം 2.68 ശതമാനത്തിന്റെ ഇടിവുണ്ട്. എങ്കിലും, നിലവിൽ വിപണിയിലെ ആവശ്യം നിറവേറ്റാനുള്ള പാൽ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ 28,737 ലിറ്ററിന്റെ വർധനയുണ്ട്.
മാർച്ചിലും സമാന വർധനയുണ്ടായി. 2025 മാർച്ചിൽ 11,22,513 ലിറ്റർ പാൽ സംഭരിച്ച സ്ഥാനത്ത് 2026 മാർച്ചിൽ 12,44,340 ലിറ്ററായി ഉയർന്നു. മുൻവർഷത്തേക്കാൾ 1,21,827 ലിറ്റർ പാൽ അധികം സംഭരിക്കാനായി. ഉൽപ്പാദനത്തിലെ ഏറ്റക്കുറച്ചിൽ വേനൽക്കാലത്തെ സ്വാഭാവിക പ്രതിഭാസമാണെന്നും വേനൽമഴ കിട്ടുന്നതോടെ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അസാധാരണമായ പ്രതിസന്ധിയില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.”








