ആഗോള വിപണിയിലെ അനിശ്ചിതത്വവും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ കുതിച്ചുചാട്ടവും ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 1000 പോയിന്റോളം (1.28%) താഴേക്ക് പതിച്ച് 76,505 എന്ന നിലവാരത്തിലെത്തി. നിഫ്റ്റി 318 പോയിന്റ് ഇടിഞ്ഞ് 23,859ലേക്ക് താഴ്ന്നു.
വിപണിയെ തളര്‍ത്തിയ പ്രധാന കാരണങ്ങള്‍
1. യുദ്ധഭീതിയും എണ്ണവിലയും
ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമായതാണ് വിപണിയിലെ പ്രധാന വില്ലന്‍. ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കം മൂലം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ സൈന്യം പദ്ധതിയിടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ എണ്ണവില കുതിച്ചുയര്‍ന്നു. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില അഞ്ച് ശതമാനത്തിലധികം വര്‍ധിച്ച് നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 126 ഡോളറിലെത്തി.
2. രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച
എണ്ണവില വര്‍ധനവിനൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യവും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ 95.32 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. മാര്‍ച്ചിലെ റെക്കോര്‍ഡ് തകര്‍ച്ചയും മറികടന്നാണ് രൂപയുടെ ഈ വീഴ്ച. ഈ വര്‍ഷം മാത്രം രൂപയുടെ മൂല്യത്തില്‍ 6 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സികളും മൂല്യത്തകര്‍ച്ച നേരിടുന്നുണ്ട്.
3. നിക്ഷേപം പിന്‍വലിക്കല്‍
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും വിപണിക്ക് തിരിച്ചടിയായി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം 20 ബില്യണ്‍ ഡോളറിലധികം (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ ഓഹരി-കടപ്പത്ര വിപണികളില്‍ നിന്ന് പിന്‍വലിച്ചത്. ഇത് 2025 മുഴുവന്‍ പിന്‍വലിച്ച തുകയുടെ ഇരട്ടിയോളമാണ്.
4. സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും
എണ്ണവില 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6 ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് എച്ച്.എസ്.ബി.സി മുന്നറിയിപ്പ് നല്‍കുന്നു. എണ്ണ ഇറക്കുമതിക്കായി കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.








