ന്യൂഡൽഹി: ഡ്രൈവർക്ക് പുറമേ മുൻസീറ്റിലെ സഹയാത്രികനും എയർബാഗ് നിർബന്ധമാക്കി ഉത്തരവിറങ്ങി. 2021 ഏപ്രിൽ ഒന്നിന് ശേഷം നിർമിക്കുന്ന കാറുകൾക്കാണ് എയർബാഗ് നിർബന്ധമാക്കിയത്. കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന കാറുകളിൽ 2021 ആഗസ്റ്റ് 31ന് മുമ്പ് എയർബാഗുകൾ ഘടിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ റോഡിലുള്ള വാഹനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.
2019 ജൂലൈയിലാണ് ഡ്രൈവർക്ക് എയർബാഗ് നിർബന്ധമാക്കി ഉത്തരവിറക്കിയത്. അന്ന് കാറുകളുടെ വില അമിതമായി ഉയർന്നിരുന്നില്ല. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 2019ൽ 4.49 ലക്ഷം റോഡപകടങ്ങളാണ് നടന്നത്. ഇതിൽ 1.5 ലക്ഷം പേർക്ക് ജീവൻ നഷ്ടമായി. ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.