പെൺനോവുകളിലേയ്ക്കും ചിന്തകളിലേയ്ക്കും ലോകത്തിന്‍റെ ശ്രദ്ധപതിയാൻ തുറന്നുവെച്ച ദിനം- അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വര്‍ഷവും മാര്‍ച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. അസമത്വത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും പുലരിയിലേയ്ക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉണർന്നെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം.
‘വെല്ലുവിളി’ എന്ന വാക്കിനൊപ്പം ചേർത്തുവയ്ക്കുന്ന മനുഷ്യജന്മമായി സ്ത്രീ മാറുന്ന കാലത്ത് അതിനെ അന്വർഥമാക്കുന്ന പ്രമേയമാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിനായി സ്വീകരിച്ചിരിക്കുന്നത്. വെല്ലുവിളിക്കാനായി തിരഞ്ഞെടുക്കുക (Choose To Challenge) എന്ന ഈ വർഷത്തെ വനിത ദിന പ്രമേയം സ്ത്രീകൾക്കുമുന്നിലുള്ള വെല്ലുവിളി നിറഞ്ഞ ലോകത്ത് തോൽക്കാതെ മുന്നേറാനുള്ള ജീവിത മന്ത്രം കൂടിയാണ്. കൊവിഡ് എന്ന മഹാമാരിയൊരുക്കിയ ദുരിതക്കടലിൽ തുഴയാനുള്ള വെല്ലുവിളി കൂടിയാണ് ഇത്തവണത്തെ വനിതാ ദിനം.