ഹൃദയാഘാതം സംഭവിക്കും മുമ്പ് തന്നെ മിക്ക രോഗികളിലും ഇതിന്‍റെ സൂചനകളോ ലക്ഷണങ്ങളോ പ്രകടമായിട്ടുണ്ടാകാം. എന്നാല്‍ ഇക്കാര്യങ്ങള്‍ മനസിലാകാതെ പോകുന്നതോടെയോ നിസാരമായി കാണുന്നതോടെയോ ആണ് പ്രശ്നം ഗുരുതരമാകുന്നത്.
എങ്കിലും അധികവും ഹൃദയാഘാതം സംബന്ധിച്ച സൂചനകള്‍ രോഗി അറിയാതെ പോകുന്നതിന് തന്നെയാണ് സാധ്യതകള്‍ കൂടുതല്‍. അതിനാലാണ് ഹൃദയാഘാതത്തെ ‘സൈലന്‍റ് കില്ലര്‍’ അഥവാ നിശബ്ദഘാതകൻ എന്ന് വിളിക്കുന്നത് പോലും.
ആഗോളതലത്തില്‍ തന്നെ ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദയാഘാതമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍ വലിയൊരു ശതമാനം കേസുകളും സമയബന്ധിതമായ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്നതുമാണ്. എന്നിട്ടും ഇത് നടക്കുന്നില്ലെന്നതാണ് ദുഖപൂര്‍ണമായ വസ്തുത.
ഏറ്റവുമധികം പേര്‍ ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അനുഭവിക്കുന്ന പ്രശ്നം അസാധാരണമായ തളര്‍ച്ചയാണെന്ന് പഠനം പറയുന്നു. ഇതുകഴിഞ്ഞാല്‍ പിന്നെ വരുന്ന പ്രശ്നം ഉറക്കമില്ലായ്മയോ, ശരിയാംവിധം ഉറങ്ങാൻ കഴിയാതിരിക്കുന്ന അവസ്ഥയോ ആണ്.തുടര്‍ന്നാണ് നെഞ്ചുവേദന, നെഞ്ചില്‍ അസ്വസ്ഥത പോലുള്ള പ്രശ്നങ്ങള്‍ കാണുന്നതെന്നും പഠനം പറയുന്നു.
ഹൃദയാഘാതത്തിന് മുമ്പ് ഒരു മാസത്തോളമായി രോഗിയില്‍ കണ്ടേക്കാവുന്ന പത്ത് – പന്ത്രണ്ട് ലക്ഷണങ്ങളെ കുറിച്ചും പഠനം പങ്കുവച്ചിട്ടുണ്ട്. അസാധാരണമായ ക്ഷീണം തന്നെയാണ് ഈ പട്ടികയിലും ഒന്നാമതുള്ളത്. ഇതിന് പുറമെ നേരത്തേ സൂചിപ്പിച്ചത് പോലെ ഉറക്കമില്ലായ്മയോ ഉറക്കം ശരിയാകാതിരിക്കുന്നതോ ആയ അവസ്ഥ, ശ്വാസതടസം, ദഹനമില്ലായ്മ, ഉത്കണ്ഠ, നെഞ്ചിടിപ്പ് കൂടുക, കൈകള്‍ ദുര്‍ബലമായി തോന്നുക, ചിന്തകളിലും ഓര്‍മ്മകളിലും അവ്യക്തത, കാഴ്ചയില്‍ പ്രശ്നങ്ങള്‍, വിശപ്പില്ലായ്മ, കൈകളില്‍ വിറയല്‍, രാത്രിയില്‍ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവയെല്ലാമാണത്രേ രോഗിയില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍.