മൃഗസ്നേഹികൾക്ക് ഒരു സന്തോഷ വാർത്ത.പൂച്ചക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായാൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഫ്രോണ്ടിയർ വിമാനക്കമ്പനി. അമേരിക്കയിലെ മൃഗസംരക്ഷണ സംഘടനയായ ലാസ് വേഗാസ് ആനിമൽ ഫൗണ്ടേഷന്റെ സംരക്ഷണത്തിലുളള ഫ്രോണ്ടിയർ, സ്പിരിറ്റ്, ഡെൽറ്റ എന്നിങ്ങനെ പേരിട്ടിരിക്കുന്ന മൂന്നു പൂച്ചക്കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവർക്കാണ് ഫ്രോണ്ടിയർ വിമാനക്കമ്പനി സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.
ഡെൽറ്റയെയും സ്പിരിറ്റിനെയും ദത്തെടുക്കുന്നവർക്ക് 250 ഡോളർ വിലമതിക്കുന്ന രണ്ടു യാത്രാ വൗച്ചറുകളാണ് ലഭിക്കുക. ഫ്രോണ്ടിയർ എന്ന പൂച്ചക്കുഞ്ഞിനെ ദത്തെടുക്കുന്നവർക്ക് 250 ഡോളറിന്റെ നാലു യാത്രാ വൗച്ചറുകളും ലഭിക്കും. വൗച്ചറുകൾക്ക് ഈ വർഷം മുഴുവൻ കാലാവധിയുണ്ടാകും. അമേരിക്കയിലെ ഡൻവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോ കോസ്റ്റ് എയർലൈനാണ് ഫ്രോണ്ടിയർ.
വെറും രണ്ടാഴ്ച മാത്രമാണ് പൂച്ചക്കുഞ്ഞുങ്ങളുടെ പ്രായം. ആറാഴ്ച പ്രായവും ഒന്നര പൗണ്ട് തൂക്കവും വെച്ചാൽ മാത്രമേ പൂച്ചക്കുഞ്ഞുങ്ങളെ ദത്തു നൽകുകയുള്ളൂ.നേരത്തെയും മൃഗസംരക്ഷണ ക്യാമ്പയ്നുകളുമായി ഫ്രോണ്ടിയർ വിമാനക്കമ്പനി രംഗത്തു വന്നിരുന്നു.