മംഗളൂരു : ജൂവലറി ജീവനക്കാരനെ കടയിൽ കയറി അജ്ഞാതൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടിക്കാൻ പൊതുജനത്തിന്റെ സഹായം തേടി മംഗളൂരു പോലീസ്. കൊലപാതകിയെന്ന് സംശയിക്കുന്ന ആളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ മംഗളൂരു പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-നും 3.45-നുമിടയിലാണ് കൊലപാതകം നടന്നത്. മംഗളൂരു ഹംപൻകട്ടയിലെ മംഗളൂരു ജൂവലറി ജീവനക്കാരൻ രാഘവേന്ദ്ര ആചാരി (50)യാണ് കൊല്ലപ്പെട്ടത്. മംഗളൂരു ബെൽമട്ട സ്വദേശിയാണ്.
ജൂവലറിയിലേക്ക് മാസ്കും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കത്തി കൊണ്ട് രാഘവേന്ദ്രയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം പ്രതി ഓടിരക്ഷപ്പെട്ടു. പ്രതിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.
മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ മംഗളൂരു പോലീസിന്റെ 9945054333, 9480805320 എന്നീ നമ്പറുകളിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് പോലീസ് അറിച്ചു.
പ്രതിയെക്കുറിച്ച് വിവരങ്ങൾ അറിയിക്കുന്ന ആളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമായിരിക്കും.