ലഖ്നോ: യു.പിയിലെ മഥുരയിൽ ചൊവ്വാഴ്ച കാറിനു പിറകിലെ കാരേജിൽ കുടുങ്ങിയ നിലയിൽ പുരഷന്റെ മൃതദേഹവുമായി കാർ ഓടിയത് 10 കിലോമീറ്റർ. കാറിനടിയിലെ കാരേജിൽ കുടുങ്ങിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഡൽഹി സ്വദേശിയായ വിരേന്ദർ സിങ്ങായിരുന്നു കാർ ഡ്രൈവർ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം താൻ അറിഞ്ഞിട്ടില്ലെന്നും യുവാവ് മരിച്ചത് മറ്റേതോ അപകടത്തിലാണെന്നും വീരേന്ദ്രർ പൊലീസിനോട് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ ആഗ്രയിൽ നിന്ന് നോയിഡയിലേക്കുള്ള യാത്രയിലായിരുന്നു താൻ. കടുത്ത മൂടൽ മഞ്ഞ് കാരണം കാഴ്ച കുറവായിരുന്നു. അതിനാലാണ് റോഡിൽ കിടന്ന മൃതദേഹം കാറിനുള്ളിൽ കുടുങ്ങിയത് അറിയാതിരുന്നതെന്നും വീരേന്ദർ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.
മഥുരയിലെ യമുന എക്സ്പ്രസ് വേയിലെ ടോൾ ബൂത്തിലുള്ള സുരക്ഷാ ജീവനക്കാരനാണ് കാറിനടിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം ആദ്യം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആരാണ് മരിച്ചതെന്നും എങ്ങനെയാണ് സംഭവമെന്നും അറിയാനായി പൊലീസ് പ്രദേശതെത സി.സി.ടി.വി പരിശോധന ആരംഭിച്ചു.